സ്കൂൾ കായികമേള: പുല്ലാട് ഉപജില്ല മുന്നേറ്റം തുടരുന്നു
1600084
Thursday, October 16, 2025 3:46 AM IST
കൊടുമൺ: ഇഎംഎസ് സ്റ്റേഡിയത്തിൽ പത്തനംതിട്ട ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിനത്തിലും പുല്ലാട് ഉപജില്ല 173 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 23 സ്വർണവും 13 വെള്ളിയും 11 വെങ്കലവും പുല്ലാട് നേടി.
97 പോയിന്റുമായി രണ്ടാംസ്ഥാനം പത്തനംതിട്ടയ്ക്കാണ്. 9 സ്വർണവും 7 വെള്ളിയും 11 വെങ്കലവും പത്തനംതിട്ടയ്ക്കു ലഭിച്ചു. 73 പോയിന്റുമായി തിരുവല്ലയാണ് മൂന്നാമതാണ്. 3 സ്വർണവും 12 വെള്ളിയും 12 വെങ്കലവും ലഭിച്ചു.
സ്കൂൾ വിഭാഗത്തിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസ് 100 പോയിന്റുമായി മുന്നിട്ട് നിൽക്കുന്നു. 16 സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും നേടി. രണ്ടാമത് 51 പോയി ന്റുമായി കുറിയന്നൂർ എംടിഎച്ച്എസാണ്. അഞ്ച് സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവും കുറിയന്നൂർ നേടി.
30 പോയിന്റുമായി റാന്നി എംഎസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്താണ്. നാല് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും റാന്നിക്കു ലഭിച്ചു.
കായികമേള ഇന്നു സമാപിക്കും. സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം സമ്മാനദാനം നിർവഹിക്കും.
നടത്തമത്സരത്തിൽ ഹാട്രിക് വിജയവുമായി അഭിനവ് രാജ്
കൊടുമൺ: നടത്ത മൽസരത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി അഭിനവ് രാജ്. സീനിയർ വിഭാഗം അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ എം. അഭിനവ് രാജാണ് തുടർച്ചയായ നാലാംവർഷവും ഒന്നാം സ്ഥാനം നിലനിർത്തിയത്.
കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ നാലാമത് എത്തിയിരുന്നു. പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയാണ്. സ്കൂളിലെ അനീഷ് തോമസാണ് പരിശീലകൻ. കുമ്പനാട് ഓലിക്കൽ ഒ. പി. രാജ് മോഹന്റെയും ലതയുടെയും മകനാണ്. അഭിനവിന്റെ സഹോദരൻ ഒ. ആർ. ഹരീഷ് ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ ത്രോപരിശീലകൻ കൂടിയാണ്.
മൂന്ന് ഇനങ്ങളിൽ സ്വർണവുമായി അതുല്യ ഉദയ്
കൊടുമൺ: മത്സരിച്ച മൂന്ന് ഇനങ്ങളിലും സ്വർണവുമായി കോന്നി ഗവൺമെന്റ് എച്ച്എസ്എസിലെ അതുല്യ ഉദയ് . 1500 , 3000, 800 മീറ്റർ ഓട്ട മൽസരത്തിലാണ് മെഡൽ നേടിയത്. കഴിഞ്ഞ തവണയും ഇതേ ഇനങ്ങളിൽ മൽസരിച്ച് വ്യക്തിഗത ചാമ്പ്യനായിരുന്നു. പ്ലസ് ടൂ കംപ്യൂട്ടർ സയൻസ് രണ്ടാം നക്ഷ വിദ്യാർഥിനിയാണ്.
റിജിൻ മാത്യു ഏബ്രഹാമാണ് പരിശീലകൻ, പഠനത്തെ ബാധിക്കാതിരിക്കാൻ ഇടയ്ക്കു പരിശീലനം നിർത്തിവച്ചിരുന്നുവെങ്കിലും ട്രാക്കിൽ വീണ്ടും സജീവമായി. കോന്നി കുമാര സദനത്തിൽ കെ. ജി. ഉദയകുമാർ - ധന്യ ദമ്പതികളുടെ മകളാണ് അതുല്യ. ഒരു സഹോദരനുണ്ട്.