അഷ്ടമിരോഹിണി വള്ളസദ്യ : പരിഹാരക്രിയ ചെയ്യണമെന്ന് ക്ഷേത്രോപദേശക സമിതി
1600083
Thursday, October 16, 2025 3:46 AM IST
വിശിഷ്ട വ്യക്തികൾക്കു വീഴ്ചയുണ്ടെന്നു കരുതുന്നില്ല
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള് പത്രസമ്മേളനത്തിൽ പറഞ്ഞു. വള്ളസദ്യയ്ക്കു സമീപം ദീപം തെളിയിച്ചു മന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികൾക്കു സദ്യവിളമ്പുന്നത് രാവിലെ 10.45നാണ്. ഈ സമയത്ത് തന്ത്രിയുടെ നേതൃത്വത്തിൽ കളഭാഭിഷേകത്തിനുള്ള കലശം പൂജ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
കളഭാഭിഷേകത്തിനു ശേഷം മാത്രമാണ് ഉച്ചപൂജക്കുള്ള നിവേദ്യം എഴുന്നള്ളിക്കുന്നത്. ഇതിനു ശേഷമേ സദ്യ പാടൂള്ളു. എന്നാൽ, ഇതു പാലിക്കാതെയാണ് പള്ളിയോട സേവാ സംഘം ഭാരവാഹികൾ സദ്യ വിളമ്പിയതെന്ന് ആറന്മുള ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ പറഞ്ഞു.
പൂജ കഴിഞ്ഞില്ലെന്ന വിവരം പള്ളിയോട സേവാസംഘത്തെ അറിയിച്ചെങ്കിലും തള്ളുകയായിരുന്നു. പിറ്റേന്ന് ഇതു വലിയ ചർച്ചയായതോടെ ക്ഷേത്ര ഉപദേശകസമിതി യോഗം ചേരുകയും ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായം തേടി കത്ത് നൽകുകയുമായിരുന്നു. പിന്നീട് ദേവസ്വം ബോർഡിനും പരാതി നൽകി. ഇതിന്റെ തുടർച്ചയായി ദേവസ്വംബോർഡ് തന്നെ തന്ത്രിക്കു കത്ത് നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയാണ് തന്ത്രി പരിഹാരക്രിയകൾ നിർദേശിച്ചത്.
ഇവ പള്ളിയോട സേവാ സംഘത്തിന്റെ ചെലവിൽ വൃശ്ചികം ഒന്നിനു മുമ്പു തന്നെ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവനും മറ്റ് വിശിഷ്ടാതിഥികൾക്കും വീഴ്ചയുണ്ടെന്നു കരുതുന്നില്ല. ക്ഷേത്ര ചടങ്ങുകളെക്കുറിച്ചു കൃത്യമായ ധാരണ അവർക്കുണ്ടാകണമെന്നില്ല.
പിഴവ് സംഭവിച്ചത് പള്ളിയോട സേവാ സംഘത്തിനാണെന്നും ആറന്മുള ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ, ശ്രീജിത്ത് വടക്കേടത്ത്, രാജശേഖരൻ നായർ എന്നിവർ പറഞ്ഞു.
ആറന്മുള വള്ളസദ്യ വിവാദം: സിപിഎം വാദം തള്ളി തന്ത്രി
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന സിപിഎം വാദം തള്ളി ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട്. ആചാരലംഘനം നടന്നുവെന്നു ചൂണ്ടിക്കാട്ടി ആദ്യം കത്ത് നൽകിയത് ക്ഷേത്രം ഉപദേശക സമിതിയും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുമാണ്.
രണ്ട് കത്തുകൾക്കുള്ള മറുപടിയായാണ് പരിഹാരക്രിയ നിർദേശിച്ചതെന്നും ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട് പറഞ്ഞു. തന്ത്രിയല്ല മന്ത്രിക്കു സദ്യ വിളമ്പിയത്.ആ സമയത്ത് താന് ക്ഷേത്രത്തിനുള്ളിലായിരുന്നുവെന്നു പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട് പറഞ്ഞു.
നേരത്തെ, ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നിട്ടില്ലെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ല നേതൃത്വത്തിന്റെ നിലപാട്.
വ്യാജ പ്രചാരണമെന്ന് സിപിഎം
പത്തനംതിട്ട: ക്ഷേത്രാചരങ്ങൾ സംബന്ധിച്ചു വ്യാജപ്രചാരണം നടക്കുകയാണെന്നു സിപിഎം ജില്ലാ നേതൃത്വം. ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം. ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്നു ചില സംഘപരിവാർ മാധ്യമങ്ങളാണ് പ്രചരിപ്പിച്ചതെന്നായിരുന്നു സിപിഎം നിലപാട്.
തെറ്റെങ്കിൽ തിരുത്തും; ഗൂഢാലോചനയെന്നു പള്ളിയോട സേവാസംഘം
പത്തനംതിട്ട: ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ നേരത്തേ വിളമ്പിയത് തെറ്റാണെങ്കിൽ അതു തിരുത്തുമെന്നു പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ. അതിഥികൾക്കു വേണ്ടി മാത്രമാണ് വള്ളസദ്യ നേരത്തേ വിളമ്പിയത്.
നേരത്തേയും മന്ത്രിമാർ അടക്കമുള്ളവർക്ക് ഇത്തരത്തിൽ സദ്യ വിളമ്പിയിട്ടുണ്ട്. വിഷയം വിവാദമാക്കുന്നതു വള്ളസദ്യ നടത്തിപ്പിൽനിന്നു പള്ളിയോട സേവാസംഘത്തെ ഒഴിവാക്കാനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഇതിനു പിന്നിൽ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡും ചേർന്നുള്ള ഗൂഢാലോചനയാണെന്നും സാംബദേവൻ ആരോപിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് ചോദ്യത്തിനു മറുപടിയായി തന്ത്രി ദേവസ്വത്തിനു പ്രായശ്ചിത്തം എഴുതി നൽകിയത്.
സ്വന്തം ഇഷ്ടപ്രകാരമുള്ള മറുപടിയല്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെന്നും സാംബദേവൻ മാധ്യമങ്ങളോടു പറഞ്ഞു.
തന്ത്രി ചടങ്ങ് നേരിട്ടു കണ്ടിട്ടില്ലെന്നും വള്ളസദ്യ നേരത്തേ നടത്തി എന്ന തെറ്റായ വിവരം ബോർഡ് ആണ് കത്തിലൂടെ തന്ത്രിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.