പരിശീലനമില്ല, പിന്തുണയുമില്ല; സ്വയം തയാറെടുപ്പിൽ താരങ്ങൾ
1600652
Saturday, October 18, 2025 3:39 AM IST
ജനപ്രതിനിധികളും കൈവിട്ട നിലയിൽ, പരിശീലനസൗകര്യങ്ങളുമില്ല
പത്തനംതിട്ട: കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽനിന്നു നേടിയ വിജയവുമായി സംസ്ഥാനതല മത്സരത്തിലേക്കു യോഗ്യത നേടിയ ടീമിനു മുന്പിൽ വെല്ലുവിളികൾ ഏറെ. 21ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനായി യോഗ്യത നേടിയ കുട്ടികൾക്ക് ഇനിയുള്ള ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതാകും.
കാര്യമായ പരിശീലനമോ പിന്തുണയോ ഇല്ലാതെയാണ് ടീമിലെ ഏറെപ്പേരും ജില്ലാതല മത്സരത്തിൽ വിജയിച്ചു കയറിയത്. വിരലിലെണ്ണാവുന്ന സ്കൂളുകളിൽ മാത്രം കായികാധ്യാപകരുള്ള ജില്ലയിൽ പല മത്സര ഇനങ്ങളിലും പങ്കെടുത്തവർ സ്വന്തം മികവുകൊണ്ടാണ് വിജയിച്ചു കയറിയതെന്നു വ്യക്തം.
ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ സ്കൂളുകൾക്കു മാത്രമാണ് കായികരംഗത്തുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനങ്ങളുള്ളത്. അതിനുള്ള മികവ് അവർ കാട്ടുകയും ചെയ്തു. മറ്റു ചില സ്കൂളുകളിൽ കൂടി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലനം നൽകുന്നുണ്ട്. ഇത്തരത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ അവരുടെ ഇനങ്ങളിൽ തിളങ്ങിയെങ്കിലും പരിശീലന വേദികളോ കായിക ഉപകരണങ്ങളോ ഇവർക്കു ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
കാടുകയറി സ്റ്റേഡിയങ്ങൾ
പത്തനംതിട്ട ജില്ലയിൽ സ്റ്റേഡിയങ്ങളുടെ കുറവാണ് പ്രധാന പ്രശ്നം. തിരുവല്ലയിലേതടക്കം സ്റ്റേഡിയങ്ങൾ പലതും കാടുകയറി കിടക്കുകയാണ്. സംസ്ഥാന സ്കൂൾ കായികമേളയ്ക്കു വരെ വേദിയൊരുക്കിയ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരവുമില്ല. ഉപജില്ലാ സ്കൂൾ കായികമേളയ്ക്കു പലേടത്തും ഗ്രൗണ്ടുകളുണ്ടായിരുന്നില്ല.
സ്കൂൾ ഗ്രൗണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് മത്സരങ്ങൾ പൂർത്തീകരിച്ചത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ പുനർനിർമാണം നടക്കുന്നതിനാൽ ഇവിടെ പരിശീലന സൗകര്യങ്ങളോ മത്സരവേദികളോ ഇല്ല. നിരവധി ഉപജില്ലാ മത്സരങ്ങൾ കൊടുമൺ സ്റ്റേഡിയത്തിലാണ് പൂർത്തീകരിച്ചത്. കൊടുമൺ സ്റ്റേഡിയം മാത്രമാണ് നിലവിൽ കായികതാരങ്ങൾക്കു പരിശീലന വേദിയായിട്ടുള്ളത്.
ജനപ്രതിനിധികളും കൈവിട്ടു
ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇത്തവണ ജില്ലാ പഞ്ചായത്തിന്റെയടക്കം സഹകരണം ലഭിച്ചില്ല. ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ ഒഴികെ ജനപ്രതിനിധികളാരും ജില്ലാ മേളയിലേക്കു തിരിഞ്ഞു നോക്കിയതുമില്ല. മന്ത്രിയെയും എംപിയെയും എംഎൽഎമാരെയും സംഘാടകർ ക്ഷണിച്ചിരുന്നതാണ്. മുന്പൊക്കെ സംസ്ഥാനതല മത്സരത്തിനു കുട്ടികളെ അയയ്ക്കുന്പോൾ ആവശ്യമായ ജേഴ്സി അടക്കം നൽകിയിരുന്നത് ജില്ലാ പഞ്ചായത്താണ്.
സ്കൂൾ കായികമേളയ്ക്കു സർക്കാർ ഗ്രാന്റ് കൂട്ടിയതിനാൽ ജില്ലാ പഞ്ചായത്ത് ഇത്തരം മേളകളെ കൈയൊഴിഞ്ഞ മട്ടാണ്. സംസ്ഥാനതല മത്സരത്തിലേക്കു യോഗ്യത നേടിയ കുട്ടികളെ കോർത്തിണക്കി പൊതുപരിശീലന സാധ്യത തേടണമെന്നാവശ്യമുണ്ടെങ്കിലും അവശേഷിക്കുന്ന ദിവസങ്ങളിൽ ഏകോപനം സാധ്യമല്ലെന്നാണ് അധ്യാപകർ പറയുന്നത്.
സംസ്ഥാനാടിസ്ഥാനത്തിൽ പത്തനംതിട്ട പോയിന്റ് നിലയിൽ മുൻവർഷങ്ങളിൽ പിന്നിലാകുകയാണ് പതിവ്. പരിശീലനത്തിന്റെ അഭാവമാണ് ഇതിനു പ്രധാന കാരണം.