ശബരിമല തീർഥാടനം: പന്തളത്ത് മികച്ച സൗകര്യം ഉറപ്പാക്കുമെന്ന് ചിറ്റയം ഗോപകുമാര്‍
1600656
Saturday, October 18, 2025 3:47 AM IST
പന്തളം: ശബരിമല തീർഥാടന പാതയിലെ പ്രധാനപ്പെട്ട ഇടത്താവളമായ പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തിലും പരിസരത്തും മികച്ച സൗകര്യം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി നിയസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ ക്ഷേത്രത്തിലെ മുന്നൊരുക്കം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോസ്ഥരുടെയും കൊട്ടാരം നിര്‍വാഹകസമിതി അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പന്മാര് വിരി വയ്ക്കുന്നിടത്ത് എല്ലാവിധ സൗകര്യവും ഉറപ്പാക്കും. ഡ്രൈയ്നേജ്, സിവിൽ, ഇലക്ട്രിക്കല്‍ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. 10 സ്ഥലങ്ങളില്‍ സിസി കാമറകൾ, ആവശ്യമായ വെളിച്ചം, കൈപ്പുഴ ക്ഷേത്ര പരിസരത്തും ശ്രദ്ധപതിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം പന്തളം നഗരസഭ നടത്തും. വലിയ കോയിക്കല്‍ ശ്രീധർമശാസ്താക്ഷേത്രത്തിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തീർഥാടനകാലത്തു മാത്രമാണ് നിര്‍ത്തുന്നത്. ഇവിടെ സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതിന് ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.
ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി. മുരളീധരന് നായർ, ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ശ്രീലേഖ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സന്തോഷ് കുമാർ, ചെങ്ങന്നൂര്‍ എഇ അഞ്ജന ബാലന്, സിവില്‍ എക്സിക്യൂട്ടീവ് എൻജിനിയര്‍ ഗീതാ ജയകൃഷ്ണൻ, ചെങ്ങന്നൂര്‍ എഇ വിനോദ്, പന്തളം കൊട്ടാരം നിര്‍വാഹകസമതി അംഗം ദീപ വര്‍മ, വാര്‍ഡ് അംഗം പുഷ്പലത എന്നിവര്‍ പങ്കെടുത്തു.