പാൽവില കൂട്ടണമെന്നാവശ്യം; ക്ഷീരകർഷകരെ കൈവിട്ട് സർക്കാരും മിൽമയും
1600248
Friday, October 17, 2025 3:54 AM IST
തിരുവല്ല: ക്ഷീരകര്‍ഷകരെ കൈവിട്ട് സര്‍ക്കാരും മില്‍മയും; പ്രതിസന്ധി രൂക്ഷം. ഉത്പാദനത്തിന് ആനുപാതികമായ വരുമാനം ലഭിക്കാതായതോടെ നഷ്ടത്തിലാണ് ഓരോ മാസവും കര്‍ഷകര്‍ തള്ളിനീക്കുന്നത്.
ജിഎസ്ടി കുറയുമ്പോള്‍ പാല് ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്നും ഈ സാഹചര്യത്തില്‍ പാല് വില കൂട്ടാനാകില്ലെന്നുമാണ് മില്‍മ പറയുന്നത്. പല വിധ പ്രതിസന്ധികളാല്‍ ജില്ലയില്‍ 30 ശതമാനത്തിലേറെ കര്‍ഷകര്‍ ക്ഷീര മേഖലയില്‍നിന്നു പിന്തിരിഞ്ഞിരിക്കുകയാണ്. ഒന്നും രണ്ടും പശുക്കളെ വളര്‍ത്തി പാല് വില്ക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു.
വില വര്‍ധനയ്ക്കുള്ള സാഹചര്യം ഇല്ലാതായതോടെ കൂടുതല്‍ പേര് ഈ മേഖലയില്‍ നിന്നു പിന്തിരിയുമെന്നു കര്‍ഷകര്‍ പറയുന്നു. നിലവില്‍ മില്‍മയില്‍ പാല് നല്കിയാല് ലിറ്ററിനു 42 - 49 രൂപയാണ് പരമാവധി ലഭിക്കുക. മില്‍മ ഇതു പായ്ക്കറ്റിലാക്കി വിപണിയിലെത്തുന്പോഴേക്കും 56 രൂപയാകും. സൊസൈറ്റികളില്‍ നേരിട്ടു വില്‍ക്കുന്നത് 60 രൂപയ്ക്കുമാണ്. പൊതു വിപണയില്‍ പാല് വില 60 - 62 രൂപ വരെയാണെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ പോലും പാല് വില വര്‍ധിപ്പിച്ചിരുന്നു.
ഒരു പശുവിനെ വളർത്തി ഉപജീവനം നടത്തുന്നവർക്ക് വരവിനേക്കാള്‍ കൂടുതല്‍ ചെലവാകുന്ന അവസ്ഥയാണെന്നും കര്‍ഷകര്‍ പറയുന്നു. 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് കാലീത്തിറ്റയുടെ വില 1500 രൂപ മുതല്‍ മുകളിലേക്കാണ്. വില ഒരിക്കലും കുറയാറുമില്ല. മുമ്പ് കന്നുകാലികള്‍ക്ക് മരുന്ന് നല്‍കേണ്ടി വരുന്നത് വല്ലപ്പോഴുമായിരുന്നുവെങ്കില് ഇപ്പോള്‍ മരുന്നും കാല്സ്യവുമൊന്നുമില്ലാതെ കാലിവളര്‍ത്തല്‍ സാധ്യമല്ല. ഇവയ്ക്കെല്ലാം മൂന്നു മാസം കൂടുമ്പോള്‍ വില ഉയരുന്ന സാഹചര്യമാണ്.
വരാന്‍ പോകുന്നതു വേനല്‍ക്കാലമായതിനാല്‍ തീറ്റ, വെള്ളക്ഷാമവും തിരിച്ചടിയാകും. ഇതിനു പുറമേ നല്ല ഇനം കന്നുകാലികളെകിട്ടാനില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
ഒരു ലിറ്റര്‍ പാലിന്റെ വിലയില്‍ 10 രൂപയുടെയെങ്കിലും വര്ധനയുണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെട്ടിരുന്നതെങ്കിലും നാലു മുതല്‍ അഞ്ചു രൂപ വരെ വര്‍ധിക്കുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. പാല് വില വര്‍ധിപ്പിച്ചാല്‍ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന ഭയമാണ് വില വര്‍ധനയില്‍നിന്നു മില്‍മയെ പിന്നോട്ട് നയിച്ചതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.