ശബരിമല സ്വർണക്കൊള്ള : മുഖ്യആസൂത്രകർ ഇപ്പോഴും കാണാമറയത്ത്: അടൂർ പ്രകാശ്
1600648
Saturday, October 18, 2025 3:39 AM IST
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റു ചെയ്തെങ്കിലും സംഭവത്തിനു പിന്നിലെ മുഖ്യ ആസൂത്രകർ ഇപ്പോഴും കാണാമറയത്താണെന്ന് യുഡിഎഫ് കൺവീനർ. തിരുവനന്തപുരത്തു നിന്നാരംഭിച്ച വിശ്വാസ സംരക്ഷണ യാത്രയ്ക്ക് റാന്നിയിലും ആറന്മുളയിലും ലഭിച്ച സ്വീകരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാർ വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണ്. ശബരിമലയിലെ ആചാരലംഘനത്തിന് പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇനിയെങ്കിലും ദേവസ്വം മന്ത്രി തയാറാകണമെന്നും പ്രകാശ് ആവശ്യപ്പെട്ടു. ശബരിമലയുടെ പവിത്രതയെപ്പോലും കളങ്കപ്പെടുത്തി തീവെട്ടിക്കൊള്ള നടത്തിയ ശേഷവും ന്യായീകരണം പറയുന്നതിൽ എന്തർഥമാണുള്ളതെന്ന് അദ്ദേഹം ആരാഞ്ഞു.
അയ്യപ്പ വിഗ്രഹത്തിന്റെ ചെറുപതിപ്പ് നൽകിയാണ് അടൂർ പ്രകാശിനെ കോന്നി വരവേറ്റത്. സദസി ചിരാത് തെളിയിച്ച് വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഐകൃദാർഢ്യം പ്രകടിപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. റാന്നിയിലും ആറന്മുളയിലും നടന്ന യോഗങ്ങൾ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ എം. വിൻസന്റ് എംഎൽഎ, സഹ ക്യാപ്റ്റനും കെപിസിസി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു, കെപിസിസി ജനറൽ സെക്രട്ടറി എം. എം. നസീർ, രമ്യാ ഹരിദാസ് എംപി, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, നേതാക്കളായ പി. മോഹൻരാജ്, റിങ്കു ചെറിയാൻ, എ. ഷംസുദ്ദീൻ, മാത്യു കുളത്തുങ്കൽ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, രജനി പ്രദീപ്, റോബിൻ പീറ്റർ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.