ആദ്യദിനത്തിൽ വേദികളും ഭക്ഷണശാലയും സന്പുഷ്ടം
1244267
Tuesday, November 29, 2022 10:50 PM IST
വേദികൾ മുതൽ ഭക്ഷണശാലവരെ ആദ്യദിനം സന്പുഷ്ടമായിരുന്നു. തിരുമൂലപുരത്തെ അഞ്ച് സ്കൂളുകളിലെ വേദികളും ഉപവേദികളുമെല്ലാം ഇന്നലെ രാവിലെ മുതൽ സജീവമായിരുന്നു.
കൃത്യസമയത്തു തന്നെ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞത് മത്സരാർഥികൾക്കും ആശ്വാസമായി. ഇതോടെ വേദികൾ സജീവമായി.
പതിവിനു വിപീതമായി പ്രധാന ഇനങ്ങൾ പലതും ഉദ്ഘാടനദിവസം തന്നെ മത്സര ഇനങ്ങളായി നടത്താൻ കഴിഞ്ഞതും സംഘാടകരുടെ നേട്ടം. പ്രധാന വേദിയിൽ ഉദ്ഘാടനത്തേ തുടർന്ന് വട്ടപ്പാട്ട് മത്സരങ്ങളും പിന്നാലെ ഒപ്പനയുമെത്തി. മണവാട്ടികളുടെ തിരക്കിൽ പ്രധാന വേദി ഉച്ചകഴിഞ്ഞതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒപ്പന മത്സരവേദി സന്പുഷ്ടമായി.
തിരുമൂലവിലാസം യുപി സ്കൂളിലെ വേദിയിൽ രാവിലെ മുതൽ ഭരതനാട്യം മത്സരങ്ങൾ അരങ്ങേറി. യുപി വിഭാഗത്തിൽ നിന്നു തുടങ്ങി ഹൈസ്കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങൾ ഇന്നലെ പൂർത്തീകരിച്ചു.
ഇതാദ്യമായി യുപി വിഭാഗം നാടകം മത്സരവും ആദ്യദിവസം ക്രമീകരിച്ചു. നാടൻപാട്ട്, വഞ്ചിപ്പാട്ട് മത്സരങ്ങളും വേദികളെ സന്പുഷ്ടമാക്കി. ഗ്രൗണ്ടിൽ ബാൻഡുമേളം അടക്കം ഇന്നലത്തെ പകൽ ഉത്സവാന്തരീക്ഷത്തിലായി. ഉച്ചയ്ക്ക് അന്പലപ്പുഴ പാൽപ്പായസം കൂട്ടിയുള്ള ഊണ് കൂടി ആയപ്പോൾ ആദ്യദിനം കുശാൽ.