ഓഫീസിന്റെ വാതിൽ ചവിട്ടിത്തുറന്നെന്ന് ആരോപണം; മുൻ പ്രസിഡന്റിനെതിരേ ഡിസിസി പ്രസിഡന്റ്
1265431
Monday, February 6, 2023 10:59 PM IST
പത്തനംതിട്ട: ഡിസിസി പ്രസിഡന്റിന്റെ മുറി മുൻ പ്രസിഡന്റ് ബാബുജോർജ് ചിവിട്ടി തുറക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അച്ചടക്ക ലംഘന ആരോപണവുമായി പ്രസിഡന്റ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ പുതിയ വിവാദങ്ങൾ.
ഡിസിസി ഓഫീസിലെ സിസിടിവി ദ്യശ്യങ്ങളിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന പുനഃസംഘടന സംബന്ധിച്ച യോഗത്തിലെ ബഹളത്തിനു ശേഷമാണ് പ്രസിഡന്റിന്റെ മുറി ചവിട്ടിതുറക്കാൻ ശ്രമിച്ചതായി മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ സതീഷ് കൊച്ചുപറന്പിൽ രംഗത്തെത്തിയത്. ഡിസിസി മുൻ പ്രസിഡന്റുമാരായ പി. മോഹൻരാജ്, കെ.ശിവദാസൻ നായർ, ബാബു ജോർജ് എന്നിവർ ശനിയാഴ്ച നടന്ന പുനഃസംഘടനാ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്നിരുന്നു.
അച്ചടക്ക നടപടിക്ക് വിധേയരായി പുറത്തു നിൽക്കുന്നവരെ തിരികെ എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിസിസി മുൻ പ്രസിഡന്റുമാരുടെ പ്രതിഷേധം.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആരെയും എടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡിസിസി പ്രസിഡന്റ്. നേതാക്കളുടെ അച്ചടക്കലംഘനം കെപിസിസിയെ അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഒരു മുതിർന്ന നേതാവിൽനിന്ന് ഇത്തരത്തിൽ ഒരു അച്ചടക്കലംഘനം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഡിസിസി ഓഫീസിൽ കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു ബഹിഷ്കരണവും ചവിട്ടി തുറക്കലും നടന്നത്.
എന്നാൽ ഡിസിസി ഓഫീസിൽ നടന്ന യോഗവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകി പാർട്ടിയെ അപമാനിച്ചത് ഡിസിസി പ്രസിഡന്റാണെന്ന് മുൻ പ്രസിഡന്റ് ബാബു ജോർജ് കുറ്റപ്പെടുത്തി. യോഗത്തിനിടെ ഒരു കെപിസിസി ഭാരവാഹിയിൽനിന്നു മോശം പരാമർശം ഉണ്ടായപ്പോൾ അതിനെതിരേ ശക്തമായ പ്രതികരണമാണ് താൻ ഉയർത്തിയതെന്നും പാർട്ടി നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോരികയായിരുന്നുവെന്നും ബാബു ജോർജ് പറഞ്ഞു.
ജില്ലയിൽ താഴെത്തട്ടിൽ പ്രവർത്തനങ്ങൾ ഇപ്പോഴും നിർജീവമാണ്. ഗ്രൂപ്പ്കളിയിൽ ജില്ലയിൽ കോൺഗ്രസ് ഏതാണ്ട് തകർന്ന നിലയിലാണെന്നും പുനഃസംഘടനയിൽ തങ്ങളുടെ അടുപ്പക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡിസിസി മുൻപ്രസിഡന്റുമാർ കുറ്റപ്പെടുത്തി.