ജലസംരക്ഷണത്തിന് കൂട്ടായപ്രവര്‍ത്തനം ഉണ്ടാകണം: ജില്ലാ കളക്ടര്‍
1279969
Wednesday, March 22, 2023 10:47 PM IST
പത്തനംതിട്ട: ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നു ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശവകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ജീവനം 2023 ജില്ലാതല പോസ്റ്റര്‍ രചന മത്സരത്തിന്റെ വിജയികള്‍ക്ക് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സമ്മാനദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
ജീവന്റെയും സംസ്കാരത്തിന്റെയും ഉത്ഭവം ജലത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്.
നമ്മുടെ നിലനില്‍പ്പ് തന്നെ ജലത്തെ ആശ്രയിച്ചു കൊണ്ടാണ്. ജലവും ജലസ്രോതസുകളും പരിപാലിച്ചും പരിപോഷിപ്പിച്ചും വരും തലമുറയ്ക്കായി കരുതി വയ്ക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഇതിനായി ശാസ്ത്രീയമായ ഇടപെടലോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും കളക്ടർ പറഞ്ഞു.
ജീവനം 2023 ജില്ലാതല പോസ്റ്റര്‍ രചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ആര്. രമ്യ (സെന്റ് ഗ്രിഗോറിയസ് കോളജ് ഓഫ് നഴ്സിംഗ്, പരുമല), ജിന്‍സി ജോസഫ് (ഗവൺമെന്റ് സ്കൂള്‍ ഓഫ് നഴ്സിംഗ്, ഇലന്തൂര്‍), ചിപ്പി ബോസ് (ഗവൺമെന്റ് ഐടിഐ വിമന്‍, മെഴുവേലി) എന്നിവര്‍ക്ക് കളക്ടര്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
തദ്ദേശവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ സി.പി. രാജേഷ് കുമാര്‍, ആര്‍ജിഎസ്എ ജില്ലാ പ്രോഗ്രാം മാനേജര്‍ കിരണ്‍, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.