വചനശ്രവണത്തിൽ ക്രിസ്തു സാന്നിധ്യബോധം ഉണ്ടാകണം: മാർ ജോസ് പുളിക്കൽ
1280547
Friday, March 24, 2023 10:42 PM IST
മാരാമണ്: വചനശ്രവണം ക്രിസ്തു സാന്നിധ്യത്തിലാകുന്പോൾ മാത്രമേ ഹൃദയത്തിൽ പരിവർത്തനം സാധ്യമാകുകയുള്ളൂവെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മാരാമണ് സെന്റ് ജോസഫ് റോമന് കത്തോലിക്കാ ദേവാലയങ്കണത്തില് മാരാമണ് കരിസ്മാറ്റിക് കണ്വന്ഷന്റെ രണ്ടാം ദിവസത്തെ മുഖ്യസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ആധ്യാത്മികതയുടെ ഉറവിടമായിരുന്ന ജറുസലേമില് നിന്ന് സ്വാർഥതയുടെ ഇടം തേടി എമ്മാവൂസിലേക്ക് പോയ കര്ത്താവിന്റെ ശിഷ്യന്മാര് നടന്നകന്നപ്പോള് അപരിചിതനായി കര്ത്താവ് ഒപ്പം വരുന്നു. വ്യത്യസ്തവും വിവിധങ്ങളുമായ സങ്കീർണ പ്രശ്നങ്ങള് നമ്മില് ഉണ്ടാകുമ്പോള് കര്ത്താവ് നമ്മോടുസംസാരിച്ച് തുടങ്ങും. ജീവിതത്തിലേക്ക് ഇറങ്ങിവരും. ഉത്ഥിതനായ കര്ത്താവിന്റെ പ്രഥമ ബലിയായി എമ്മാവൂസിലെ ശിഷ്യന്മാര്ക്ക് അപ്പം മുറിച്ചു നൽകിയപ്പോള് അവരുടെ ഉള്ക്കണ്ണ് തുറന്നു. വിശ്വാസത്തോടെ നമ്മള് വചനം ശ്രവിക്കുമ്പോള് നമ്മുടെ ഉള്ക്കണ്ണ് തുറക്കുമെന്നു മാർ ജോസ് പുളിക്കൽ പറഞ്ഞു.
മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ വചനപ്രഘോഷണം നടത്തി. ഡോ. തോമസ് കൊടിനാട്ടുകുന്നേല് കോര് എപ്പിസ്കോപ്പ, ഫാ. ജോര്ജ് വെള്ളാപ്പള്ളില്, ഫാ. ജോഷി പുതുപ്പറമ്പില്, ഫാ. ഫ്രാന്സിസ് പത്രോസ്, ഫാ. ജോര്ജ് ലോബോ എന്നിവര് പ്രസംഗിച്ചു. വിശുദ്ധ കുര്ബാനയ്ക്ക് തിരുവല്ല അതിരൂപത മുന് വികാരി ജനറാൾ തോമസ് കൊടിനാട്ടുകുന്നേല് കോര് എപ്പിസ്കോപ്പ മുഖ്യകാര്മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം ദിവ്യബലിയെത്തുടർന്ന് പുനലൂര് രൂപതാധ്യക്ഷന് ഡോ. സെല്വിസ്റ്റര് പൊന്നുമുത്തന് മുഖ്യസന്ദേശം നല്കും.