രാഹുല്‍ഗാന്ധിക്കെതിരായ നടപടി പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സത്യഗ്രഹം
1281297
Sunday, March 26, 2023 10:22 PM IST
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം നഷ്ട്ടപ്പെടുത്തുവാന്‍ ഭരണനേതൃത്വം നടത്തിയ അധാര്‍മിക നടപടി സാമാന്യ നീതിക്ക് നിരക്കാത്തതാണെന്ന് ആന്റോ ആന്റണി എംപി. രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച എകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരേ വിരല്‍ ചൂണ്ടുന്നവരെ നിശബ്ദമാക്കാനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പീഡിപ്പിച്ച് വരുതിയില്‍ നിര്‍ത്തുവാനുമുള്ള ശ്രമങ്ങളാണ് ബിജെപി ഭരണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
മാധ്യമങ്ങളെയും ജുഡീഷറിയെയും വരുതിയില്‍നിര്‍ത്തി ഭരണത്തെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന നടപടി ജനാധിപത്യ ഇന്ത്യയുടെ അസ്ഥിവാരമിളക്കുമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം പ്രഫ. പി.ജെ.കുര്യന്, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെപിസിസി അംഗം കെ.ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്, എ. ഷംസുദീന്‍, എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതി പ്രസാദ്, റോബിന് പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, അനീഷ് വരിക്കണ്ണാമല, ജി.രഘുനാഥ്, സജി കൊട്ടയ്ക്കാട്, സുനില്‍ പുല്ലാട്, സുരേഷ് മെഴുവേലി, കെ.ജാസിംകുട്ടി, സിന്ധു അനില്‍, സുനില്‍ പുല്ലാട് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കെപിസിസി അംഗം പി.മോഹന്‍ രാജ് ഉദ്ഘാടനം ചെയ്തു.