ആശുപത്രി ഫാർമസിയിൽ കടന്നയാൾ ഫാർമസിസ്റ്റിന്റെ മാലയും പണവും അപഹരിച്ചു
1282151
Wednesday, March 29, 2023 10:39 PM IST
മല്ലപ്പള്ളി: ജോർജ് മാത്തൻ ആശുപത്രി ഫാർമസിസ്റ്റിന്റെ മാലയും പണവും കവർന്നു. ബുധനാഴ്ച പുലർച്ചെ 4.30ന് ആശുപത്രി ഫാർമസിയിലെ മേശയുടെ വലിപ്പ് തുറന്ന് ഒരാൾ പരിശോധിക്കുന്നത് കണ്ട് ഫാർമസിസ്റ്റ് ബിന്ദു വേണുഗോപാൽ ബഹളംവച്ചതിനെത്തുടർന്നാണ് ഇയാൾ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളഞ്ഞത്. രണ്ടുപവൻതൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടമായത്.
പേഴ്സിൽ ഉണ്ടായിരുന്ന 1500 രൂപയും മോഷ്ടാവ് അപഹരിച്ചു. ആശുപത്രിക്കുള്ളിലെ ചാപ്പലിലെ കാണിക്കവഞ്ചിയും അപഹരിച്ചിരുന്നു. ഇതു പിന്നീട് ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കീഴ്വായ്പൂര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷർട്ട് ധരിക്കാത്ത യുവാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇരുമ്പ് കമ്പി മോഷ്ടാവ് കൈയിൽ കരുതിയിരുന്നതായി പറയുന്നു.