കാറ്റും മഴയും കെടുതികൾ വ്യാപകം
1436705
Wednesday, July 17, 2024 6:26 AM IST
പത്തനംതിട്ട: ജില്ലയിൽ മഴക്കെടുതികൾ വ്യാപകം. മേപ്രാലിൽ പൊട്ടിവീണ വൈദ്യുത കന്പിയിൽ തട്ടി യുവാവ് മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ സി.ടി. റെജി(48)യാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്കു സമീപം പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്നാണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്.
വീടുകൾക്കു മുകളിലേക്ക് മരം വീണ് വിവിധയിടങ്ങളിലായി രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ 57 വീടുകൾ ഭാഗികമായി തകർന്നു. തിങ്കളാഴ്ച 17 വീടുകൾ ഭാഗികമായി തകർന്നിരുന്നു. മരങ്ങൾ കടപുഴകി വീണാണ് വീടുകൾക്ക് നാശനഷ്ടം ഏറെയുണ്ടായത്.
ഇന്നലെ രാവിലെയും ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ കാറ്റ് വീശി. ഇന്നലെ പകൽ മഴ ദുർബലമായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നിരുന്നു. പന്പാനദി ഇരുകര മുട്ടിയാണ് ഒഴുകുന്നത്. മണിമലയാറ്റിലും ജലനിരപ്പുയർന്നു.
മല്ലപ്പള്ളി താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. 28 വീടുകൾ ഭാഗികമായി തകർന്നു. കോഴഞ്ചേരിയിൽ 15, റാന്നിയിൽ പത്ത്, അടൂരിൽ ഒന്ന്, തിരുവല്ല മൂന്ന് എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ വീടുകൾക്കുണ്ടായ നാശനഷ്ടം.
മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. തിരുവല്ലയിൽ തോട്ടപ്പുഴശേരി വില്ലേജിലെ നെടുന്പ്രയാർ എംടിഎൽപി സ്കൂളിലും മല്ലപ്പള്ളിയിൽ വെണ്ണിക്കുളം എസ്ബിഎച്ച്എസ്എസിലുമാണ് ക്യാന്പുകൾ.
കോഴഞ്ചേരി താലൂക്കിൽ 15 വീടുകൾക്ക് നാശനഷ്ടം
കാറ്റിലും മഴയിലും കോഴഞ്ചേരി താലൂക്കിൽ 15 വീടുകൾക്ക് നാശനഷ്ടം. ആറ് വില്ലേജുകളിലായാണ് നഷ്ടം ഉണ്ടായത്. എല്ലാ വീടുകൾക്കും ഭാഗികനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മൈലപ്ര - 1, കോഴഞ്ചേരി - 2, മെഴുവേലി - 8, മല്ലപ്പുഴശേരി - 2, കുളനട - 1 ചെന്നീർക്കര - 1.
മല്ലപ്പള്ളിയിൽ 28 വീടുകൾക്ക് ഭാഗിക നാശം
മല്ലപ്പള്ളി താലൂക്കിൽ 28 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. എഴുമറ്റൂരിൽ വീടിനു മുകളിൽ മരം വീണ് ബിന്ദു കാരയ്ക്കലിന്റെ കൈക്കു പരിക്കേറ്റു. പരിക്കേറ്റ ബിന്ദു തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കല്ലൂപ്പാറ വില്ലേജിൽ നിർമാണത്തിലിരുന്ന വീടിനു മുകളിൽ തേക്ക് വീണതിനെത്തുടർന്നു പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുന്നന്താനം, എഴുമറ്റൂർ, പെരുന്പെട്ടി, കോട്ടാങ്ങൽ, എഴുമറ്റൂർ, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് വില്ലേജുകളിൽ വീടുകൾക്ക് നാശനഷ്ടം നേരിട്ടിട്ടുണ്ട്.
കെഎസ്ഇബിക്ക് 12 ലക്ഷത്തിന്റെ നഷ്ടം, നാട് ഇരുട്ടിൽ
ജില്ലയിൽ 900 വൈദ്യുതി പോസ്റ്റുകളാണ് കാറ്റിൽ തകർന്നിരിക്കുന്നത്. 12 ലക്ഷം രൂപയുടെ നഷ്ടം കെഎസ്ഇബി പ്രാഥമികമായി കണക്കാക്കുന്നു. തിങ്കളാഴ്ച മാത്രം നഷ്ടം ഒന്പതു ലക്ഷത്തിന്റേതായിരുന്നു.
11 കെവി വൈദ്യുതിത്തൂണുകളും ട്രാൻസ്ഫോർമറുകളും പലയിടങ്ങളിലും തകർന്നു. വൈദ്യുത കന്പികൾ വ്യാപകമായി പൊട്ടിവീണു. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണും പൊട്ടിവീണ ലൈനുകളും പോസ്റ്റുകളും നേരെയാക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഒരുമാസത്തിനിടെ കെഎസ്ഇബിക്കുണ്ടാകുന്ന രണ്ടാമത്തെ കനത്ത നഷ്ടമാണിത്. ജൂണിലും കാറ്റിലും മഴയിലും വ്യാപക നഷ്ടം നേരിട്ടിരുന്നു.
വൈദ്യുതിവിതരണം നിലച്ചതോടെ പല പ്രദേശങ്ങളും ഇരുട്ടിലാണ്. വ്യാപാര മേഖലയും പ്രതിസന്ധിയിലായി. വൈദ്യുതി വിതരണം പുനഃസ്ാപിക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. റാന്നി, മല്ലപ്പള്ളി മേഖലയിലാണ് ഇപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്തത്.