സാധുജന വിമോചന സംയുക്തവേദി കളക്ടറേറ്റ് മാർച്ച് നടത്തി
1563176
Thursday, May 29, 2025 3:58 AM IST
പത്തനംതിട്ട: കോന്നി ചെങ്ങറ സമരഭൂമിയിൽ വൈദ്യുതിയും കുടിവെള്ളവും എത്തിക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സാധുജന വിമോച സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ മാർച്ചും ധർണയും നടത്തി. ചെങ്ങറ സമരഭൂമിയിൽ സമരക്കാർക്ക് മനുഷ്യോചിതമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുക,
സമരഭൂമിയിൽ വൈദ്യുതിയും കുടിവെള്ളവും എത്തിക്കുക, സമരക്കാർക്ക് പട്ടയം വിതരണം നടത്തുക, സമരഭൂമിയിൽ അങ്കണവാടികൾ സ്ഥാപിക്കുക, കുട്ടികളുടെ പഠനം മെച്ചപ്പെടുത്താനുള്ള സൗകര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
പത്തനംതിട്ട അംബേദ്കർ ഭവനിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റ് പടിക്കൽ സമാപിച്ചു. സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. സാധുജനവിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു.
മണ്ണെണ്ണ വിളക്കുകൾ കൊളുത്തി വച്ച് കുട്ടികളുൾപ്പെടെ ധർണയിൽ പങ്കെടുത്തു. എസ്. രാജീവൻ, ഡി.രാജേന്ദ്രൻ, ജോസഫ്.എം.പുതുശേരി, സിറാജുദ്ദിൻ, ജോർജ് മാത്യുകൊടുമൺ, മേലൂട് ഗോപാലകൃഷ്ണൻ, ബിനു ബേബി, റെജിമലയാലപ്പുഴ, കെ.ജി. അനിൽകുമാർ, എം.ജി.സന്തോഷ്കുമാർ, എസ്. രാധാമണി, ഏകലവ്യൻബോധി, അജിത്ത്, അജികുമാർ കറ്റാനം,സുരേഷ് കല്ലേലി എന്നിവർ പ്രസംഗിച്ചു.