അവധിക്കാല കായിക പരിശീലന ക്യാന്പ് സമാപിച്ചു
1563515
Friday, May 30, 2025 3:58 AM IST
മല്ലപ്പള്ളി: കഴിഞ്ഞ 50 ദിവസമായി മല്ലപ്പള്ളിപബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവന്ന അവധിക്കാല കായിക പരിശീല ക്യാമ്പ് സമാപിച്ചു. ഹാൻഡ്ബോൾ, ക്രിക്കറ്റ്, വോളിബോൾ എന്നീ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകിവന്നത്.
വിവിധ സ്കൂളുകളിൽ നിന്നുള്ള 60 ലധികം കുട്ടികൾ 50 ദിവസവും ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഓരോ ഇനങ്ങളിലെയും അംഗീകൃത കോച്ചുമാരാണ് കുട്ടികൾക്ക് പരിശീലനം നൽകിയി രുന്നത്. പബ്ലിക് സ്റ്റേഡിയം സൊസൈറ്റി കഴിഞ്ഞ ഏറെ വർഷങ്ങളായി മുടക്കം കൂടാതെ ഈ കോച്ചിംഗ് ക്യാമ്പ് നടത്തിവരുന്നു.
ഇതിലൂടെ നൂറുകണക്കിന് കുട്ടികൾക്ക് പരിശീലനം നൽകാനും നിരവധി പേർക്ക് സംസ്ഥാന, ദേശീയ ടീമുകളിലേക്കും സെലക്ഷൻ ലഭിക്കാനും അന്തർദേശീയ മത്സരങ്ങളിൽ വരെ പങ്കെടുക്കാനും അവസരം ഉണ്ടായി.
പരീശിലന ക്യമ്പിന്റെ സമാപന സമ്മേളനത്തിൽ സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം.പുതുശേരി അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ ഉദ്ഘാടനം ചെയ്തു.
സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറിയും ക്യാമ്പ് കോഓർഡിനേറ്ററുമായ തോമസ് സ്കറിയ, ഡബ്ല്യു.എ. ജോൺ, കെ. ജി. സാബു, സതീഷ് മല്ലപ്പള്ളി, എസ്. ആനന്ദ്, റോജൻ മാത്യു, ജയിൻ ചെറിയാൻ, എസ്. അശ്വിൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കു സർട്ടിഫിക്കറ്റും സ്റ്റേഡിയം സൊസൈറ്റിയുടെ ജേഴ്സിയും സമ്മാനിച്ചു.