കുക്കികൾ പരമ്പരാഗത ആചാര പ്രകാരം മെത്രാപ്പോലീത്തയെ ആദരിച്ചു
1563510
Friday, May 30, 2025 3:50 AM IST
തിരുവല്ല: മണിപ്പുരിലെ ഗോത്ര വിഭാഗക്കാരായ കുക്കി സമുദായ അംഗങ്ങൾ പരമ്പരാഗത ആചാര പ്രകാരം കൈ കൊണ്ട് നെയ്ത സായ്പിഖുപ്പ് ഷാൾ അണിയിച്ച് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയെ ആദരിച്ചു.
മണിപ്പൂരിലെ ഇംഫാല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ. മണിപ്പൂർ കലാപത്തേ തുടർന്ന് പഠന അവസരം നഷ്ടമായ പെൺകുട്ടികൾക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മുൻകൈ എടുത്ത് തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ താമസിക്കുന്നതിനും പഠനത്തിനും അവസരം ഒരുക്കിയിരുന്നു.
അന്‍പതിലധികം കുട്ടികൾ ഇപ്പോൾ സ്കൂളിൽ താമസിച്ചുപഠിക്കുന്നുണ്ട്. മെത്രാപ്പോലീത്ത യോടുള്ള ആദരം പ്രകടിപ്പിച്ചാണ് വിശേഷ അവസരങ്ങളിൽ മാത്രം അവർ ധരിക്കുന്ന സായ്പിഖുപ്പ് ഷാൾ അണിയിച്ചത്.
വികാരി ജനറാൾ റവ.ജോർജ് മാത്യു, അല്മായ ട്രസ്റ്റി അൻസിൽ സക്കറിയ കോമാട്ട്, കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി ഗൗലുഗ്മോൺ ഹാവോക്കിപ്പ്, നോഹ്മിൻലം ഹാവോക്കിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.