നിയമന തട്ടിപ്പ് കേസ് സിപിഎം ഉന്നത ബന്ധം അന്വേഷിക്കണം: കോൺഗ്രസ്
1227001
Sunday, October 2, 2022 11:18 PM IST
മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിലും ബിവറേജസ് ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ വഞ്ചിച്ച നിയമനത്തട്ടിപ്പു കേസിലെ സിപിഎം ഉന്നത ബന്ധം അന്വേഷിക്കണമെന്ന് മാവേലിക്കര കോൺഗ്രസ് ഓഫീസിൽ ചേർ ന്ന മേഖലാ യോഗം ആവശ്യപ്പെട്ടു.
കേസിലെ ഒന്നും രണ്ടും പ്രതികൾ സിപിഎമ്മം ഭാരവാഹികളാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് വഞ്ചിക്കപ്പെട്ടവർ. സിപിഎം ഉന്നതരുടെ സഹായമില്ലാതെ ഇത്രയും വലിയൊരു തട്ടിപ്പ് ആസൂത്രണം ചെയ്യാൻ പ്രതികൾക്ക് കഴിയില്ല. തട്ടിപ്പുകേസിലെ പ്രധാന പ്രതികളെ കണ്ടെത്താൻ നിലവിലുള്ള അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ കരങ്ങളിൽ സിപിഎം വിലങ്ങു വച്ചിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഒന്നാം പ്രതി അനധികൃതമായി നടത്തുന്ന വെറ്ററിനറി മരുന്നുകളുടെ ഷോപ്പ് ഇതുവരെ അടച്ചുപൂട്ടിയിട്ടില്ല. ആരോപണവിധേയരും പ്രതികളുടെ സഹായികളുമായ പോലീസ് ഉദ്യോഗസ്ഥരെ സിപിഎം സംരക്ഷിക്കുകയാണ്.
കോടികളുടെ തട്ടിപ്പുകേസ് കോടതി നിരീക്ഷണത്തിൽ ഉന്നത പോലീസ് സംഘം അന്വേഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രത്യക്ഷ സമര പരിപാടികൾക്ക് യോഗം രൂപം നൽകി.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ, ജനറൽ സെക്രട്ടറിമാരായ ജോൺ. കെ. മാത്യു, അലക്സ് മാത്യു, കെ.എൽ. മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അനി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ഗോപൻ , ഡിസിസി അംഗം കണ്ടിയൂർ അജിത്, സജീവ് പ്രായിക്കര, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബൈജു സി. മാവേലിക്കര, മണ്ഡലം പ്രസിഡന്റുമാരായ അനിത വിജയൻ, അനീഷ് കരിപ്പുഴ, ബെന്നി ചെട്ടികുളങ്ങര, വിജയകുമാർ ഈരേഴ എന്നിവർ പ്രസംഗിച്ചു.