അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു
1278687
Saturday, March 18, 2023 11:03 PM IST
അമ്പലപ്പുഴ:അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തിൽനിന്ന് പള്ളിവാൾ എത്തിച്ചു. തുടർന്ന് വൈകുന്നേരം 5.30 ഓടെ ക്ഷേത്രത്തിൽനിന്ന് ആറാട്ട് പുറപ്പെട്ടു. ഏഴ് ആനകളാണ് ഉണ്ടായിരുന്നത്.ഇത്തവണ മുല്ലക്കല്‍ ബാലകൃഷ്ണനാണ് ഭഗവാന്റെ തിടമ്പേറ്റിയത്.
വൈകിട്ട് തിരുആറാട്ട് സംഘം ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലെത്തി. ക്ഷേത്രക്കുളത്തിൽ നീരാടിയശേഷം രാത്രി 9ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു. പഞ്ചവാദ്യങ്ങളുടെയും താളമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിയ അമ്പലപ്പുഴ കണ്ണന് വിവിധയിടങ്ങളിൽ വരവേൽപ്പ് നൽകി.
മീനമാസത്തിലെ തിരുവോണം ആറാട്ട് എന്ന കണക്കിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ചെമ്പകശേരി ദേവനാരായണ രാജാവ് ചിട്ടപ്പെടുത്തിയിട്ടുള്ളത് . ഏഴ് ദിവസത്തെ ഉത്സവബലി , എട്ടു ദിവസങ്ങളായി നടക്കുന്ന വേലകളി , രാത്രി നടക്കുന്ന വിളക്കെഴുന്നള്ളിപ്പ് എല്ലാം ഭക്തജനങ്ങൾക്ക് ഏറെ ആത്മീയ അനുഭൂതി നൽകുന്ന ചടങ്ങുകളാണ് .ഇന്ന് നടക്കുന്ന ദ്വാദശി പണം സമർപ്പണത്തോടെ ഉത്സവച്ചടങ്ങുകൾ അവസാനിച്ചത്.