പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് രജിസ്ട്രേഷന്
1423343
Sunday, May 19, 2024 1:15 AM IST
പാലാ: കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കി. രോഗികള്‍ ഒപി ചീട്ട് എടുക്കുവാന്‍ വളരെയേറെ സമയം കാത്തുനില്‍ക്കേണ്ടി വന്നിരുന്ന സാഹചര്യമാണ് ഇതോടെ ഒഴിവാകുന്നത്. പകര്‍ച്ചപ്പനിയുള്‍പ്പെടെ വ്യാപകമാകുമ്പോള്‍ ദിവസേന നിരവധിപ്പേരാണ് ചികിത്സതേടി എത്തുന്നത്. ഒപി രജിട്രേഷനുവേണ്ടി കൗണ്ടറിനു മുന്നില്‍ വലിയ ക്യൂവാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇതിനു പരിഹാരമാണ് ഇ-ഹെല്‍ത്ത് രജിസ്ട്രേഷന് സംവിധാനം.
നേരിട്ടും വെബ് സൈറ്റ് വഴിയും ഡോക്ടറുമായുള്ള കൂടികാഴ്ച്ചയ്ക്കു സമയം മുന്‍കൂര്‍ നിശ്ചയിക്കാം. ചികിത്സാരേഖകള്‍ കൊണ്ടു നടക്കേണ്ടതുമില്ല.മെഡിക്കല്‍ കോളജ് ആശുപത്രി മുതല്‍ ഇ-ഹെല്‍ത്ത് സൗകര്യം ലഭ്യമായ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുത്ത് സമയം മുന്‍കൂര്‍ നിശ്ചയിക്കാം. ഇതിനായി ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ (യുഎച്ച്ഐഡി) ലഭ്യമാക്കേണ്ടതുണ്ട്.
ഇ-ഹെല്‍ത്ത് കേരള വെബ്സൈറ്റ് വഴിയും യുഎച്ച്ഐഡി നമ്പര്‍ എടുക്കാം. ചികിത്സാ രേഖകളും രോഗികള്‍ക്ക് ഇതുവഴി എടുക്കുവാന്‍ കഴിയും.
മഴക്കാലം ആരംഭിച്ചതോടെ പനിബാധിതരുടെ എണ്ണം വര്‍ധിച്ചതുവഴി ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ഒപി ടിക്കറ്റിനായുള്ള കാത്തിരിപ്പ് നീളുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് നഗരസഭാ ചെയര്മാന് ഷാജു തുരുത്തന്, കൗണ്‍സിലര്‍മാരായ ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപടവില്‍, ജയ്സണ്‍ മാന്തോട്ടം, ഷാര്‍ളി മാത്യു എന്നിവര്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
രണ്ടു വര്‍ഷമായി ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു.നാല്പതില്പ്പരം കംപ്യൂട്ടറുകളാണ് വിവിധ വിഭാഗങ്ങളില്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഫാര്‍മസിയും ലാബും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷണാര്‍ഥമാണ് ഇപ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം. ഈ സംവിധാനവുമായി എല്ലാ വിഭാഗം ജീവനക്കാരും പരിചയപ്പെടേണ്ടതുണ്ട്. കെല്‍ട്രോണാണ് ഇതിനുള്ള നെറ്റ്വര്‍ക്ക് സംവിധാനം സ്ഥാപിച്ചത്.
ആശുപത്രിയില്‍ രജിസ്ട്രേഷന് സൗകര്യം
ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന എല്ലാ രോഗികള്‍ക്കും ഇ-ഹെല്‍ത്ത് സൗകര്യത്തിനുള്ള യുണീക് ഹെല്‍ത്ത് ഐഡി നമ്പറിനായി (യുഎച്ച്ഐഡി) രജിസ്റ്റര്‍ ചെയ്യുന്നതിന് ഒപി കൗണ്ടറില്‍ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് അറിയിച്ചു.
ആധാര്‍ നമ്പരും ഇതുമായി ലിങ്ക് ചെയ്ത ഫോണുമായി ഒപി കൗണ്ടറില്‍ എത്തിയാല്‍ യുഎച്ച്ഐഡി നമ്പര്‍ ഏവര്‍ക്കും ലഭ്യമാക്കും. വിവിധ ചികിത്സാ വിഭാഗങ്ങളില്‍ സേവനം ഉറപ്പുവരുത്തുന്നതിനായി ആര്‍എംഒമാരായ ഡോ. എം. അരുണ്‍, ഡോ. രേഷ്മ എന്നിവരുടെ നേതൃത്വത്തില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.