അനന്തു അജിയുടെ മരണം: പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ
1600309
Friday, October 17, 2025 4:48 AM IST
പൊൻകുന്നം: അനന്തു അജിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. അനന്തു അജിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഡിവൈഎസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ഷിനാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് റെമിൻ രാജൻ, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമണ്ണശേരിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ് തുടങ്ങിവർ പ്രസംഗിച്ചു.

പ്രതിഷേധ മാർച്ച് പോലീസ് ബസ് സ്റ്റാൻഡിന് സമീപം തടഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ദേശീയ ഉപരോധിച്ചതിന് 10 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
പൊൻകുന്നം: എലിക്കുളം വഞ്ചിമല സ്വദേശി അനന്തു അജിയുടെ മരണമൊഴിയിൽ ആരോപണ വിധേയനായ ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ പൊൻകുന്നത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പൊൻകുന്നം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. ദീപു അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ബ്ലോക്ക് സെക്രട്ടറി ബി. ഗൗതം, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വൈഷ്ണവി ഷാജി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റികളായ ശ്രീകാന്ത് പി. തങ്കച്ചൻ, ഷാമില ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
അനന്തു അജിയുടെ ആത്മഹത്യയില് ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്റെ കടയുടെ ബോർഡ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്.
പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷവുമുണ്ടായി. 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.