ചങ്ങനാശേരി നഗരത്തില്‍ സിഎന്‍ജി പ്ലാന്റിനു പദ്ധതി
1600219
Thursday, October 16, 2025 7:22 AM IST
ചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തില്‍ ഫാത്തുമാപുരം മാലിന്യസംസ്കരണ പ്ലാന്റിനു സമീപം സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കുന്ന നടപടികള്‍ പുരോഗതിയില്‍. പ്ലാന്റിന് ലോകബാങ്കിന്റെ അന്തിമ അംഗീകാരം ലഭിച്ചു. ഇനി പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളിലേക്കു നീങ്ങും.
ലോകബാങ്കിന്റെ സഹായത്തോടെ കേരള സോളിഡ് വേസ്റ്റ്മാനേജ്മെന്റ് പ്രോജക്ട് മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. ദിനംപ്രതി മുപ്പതു ടണ്‍ ജൈവമാലിന്യം സംസ്കരിച്ച് ഇന്ധനമാക്കാവുന്ന സംഭരണശേഷിയോടുകൂടിയ പ്ലാന്റിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. നഗരപരിധിയിലെ വീടുകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു പ്ലാന്റിലെത്തിക്കുന്ന ജൈവമാലിന്യം സംസ്കരിച്ച് കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസും(സിഎന്‍ജി) വളവുമാക്കി മാറ്റുന്ന പദ്ധതിയാണിത്.
പൂന മുനിസിപ്പല്‍ കോര്‍പറേഷനില്‍ ചങ്ങനാശേരി നഗരസഭാ ചെയര്പേഴ്സന് കൃഷ്ണകുമാരി രാജശേഖരന്, വൈസ്ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് പഠനറിപ്പോര്‍ട്ട് ലോകബാങ്ക് പ്രതിനിധികള്‍ക്കു കൈമാറിയിട്ടുണ്ട്. 23.75കോടി രൂപയുടെ പദ്ധതിയാണ്. വായ്പയെടുക്കുന്നതിനായി ലോകബാങ്കിന്റെ അംഗീകാരത്തിനായി പ്രോജക്ടും സമര്‍പ്പിച്ചിട്ടുണ്ട്. ഫാത്തിമാപുരത്ത് രണ്ടര ഏക്കര്‍ സ്ഥലം പദ്ധതിക്കായി നഗരസഭ വിട്ടുകൊടുക്കും.
സിഎൻജി വില്പനയിലൂടെ വരുമാന പ്രതീക്ഷ
ഉത്പാദിപ്പിക്കപ്പെടുന്ന ബയോ കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസ് വാഹനങ്ങള്‍ക്ക് ഇന്ധനമായി വില്പന നടത്തി വലിയ വരുമാനം നഗരസഭ പ്രതീക്ഷിക്കുന്നു. ഉപഉത്പന്നമായ ജൈവവളം കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. നഗരസഭ ജൈവമാലിന്യം തികയാതെ വന്നാല്‍ മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, വാഴപ്പള്ളി പഞ്ചായത്തുകളില്‍നിന്നു മാലിന്യം സംഭരിക്കാന്‍ നഗരസഭ പദ്ധതിയിട്ടിട്ടുണ്ട്.
കൃഷ്ണകുമാരി
രാജശേഖരന്
ചങ്ങനാശേരി മുനിസിപ്പല്‍
ചെയര്‍പേഴ്സണ്‍
23.75 കോടി രൂപയുടെ പദ്ധതി
23.75കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍നിന്ന് 4.75കോടി രൂപ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ തുകമുഴുവന്‍ ലോകബാങ്കില്‍നിന്നു വായ്പയെടുക്കും. ബില്‍ഡ് ആൻഡ് ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ നടപ്പിലാക്കാനാണ് ഉദ്ദേശ്യം.
മാത്യൂസ് ജോര്‍ജ്
മുനിസിപ്പല്‍ വൈസ്ചെയര്‍മാന്‍
ചങ്ങനാശേരി നഗരസഭ
ചങ്ങനാശേരിക്ക് അഭിമാനാർഹമായ പദ്ധതി
നഗരത്തിലെ ജൈവമാലിന്യ സംസ്കരണത്തിനൊപ്പം ബയോ കംപ്രസ്ഡ് നാച്യുറല്‍ ഗ്യാസ് ഉത്പാദനവും സാക്ഷാത്കരിക്കപ്പെടും. സിഎന്‍ജി നടപ്പായാല്‍ ചങ്ങനാശേരിക്ക് അഭിമാനാര്‍ഹമായ പദ്ധതിയാകും.
എല്‍സമ്മ ജോബ്
ആരോഗ്യ സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍
ഫാത്തിമാപുരം നിവാസികള്‍ക്ക് ആശങ്ക
നഗരസഭയുടെ നേതൃത്വത്തില്‍ ഫാത്തിമാപുരത്ത് സിഎന്‍ജി പ്ലാന്റ് സ്ഥാപനം സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍ അറിയിച്ചിട്ടില്ല. ജനസാന്ദ്രത കൂടുതലുള്ളതും ആളുകള്‍ തിങ്ങിവസിക്കുന്നതുമായ സ്ഥലമാണ്. പ്ലാന്റ് സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക നഗരസഭാ സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് ബോധവത്കരണം നടത്തി ജനങ്ങളുടെ ആശങ്ക ദുരീകരിക്കണം.
സിഎന്‍ജി പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ദിനംപ്രതി മുപ്പതു ടണ്ണോളം മാലിന്യംവേണം. പദ്ധതി കാര്യക്ഷമമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നഗരസഭ ഉദ്ദേശിക്കുന്ന ലക്ഷ്യം കാണാനാവില്ലെന്നു മാത്രമല്ല ഫാത്തിമാപു രം ഡമ്പിംഗ് കേന്ദ്രവുമാകും.
മോളമ്മ സെബാസ്റ്റ്യന്‍
16-ാം വാര്‍ഡ് (ഫാത്തിമാപുരം നോര്‍ത്ത്) കൗണ്‍സിലര്‍
ചങ്ങനാശേരി നഗരസഭ