പരിശ്രമങ്ങൾ വിഫലം; പ്രശാന്ത് യാത്രയായി
1599707
Tuesday, October 14, 2025 11:53 PM IST
മുണ്ടക്കയം: നാടൊന്നാകെ കൈകോർത്ത് വൃക്ക മാറ്റിവച്ച യുവാവ് മരണപ്പെട്ടു. പുലിക്കുന്ന് വട്ടക്കാവിൽ കുട്ടി-മോളി ദമ്പതികളുടെ മകൻ വി.കെ. പ്രശാന്ത് (39) ആണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്.
രണ്ടു വർഷം മുമ്പാണ് പ്രശാന്തിന് വൃക്കരോഗം പിടിപ്പെട്ടത്. പിന്നീട് നാടൊന്നാകെ കൈകോർത്ത് 12 ലക്ഷത്തോളം രൂപ മുടക്കി വൃക്ക മാറ്റിവച്ചു. കുറച്ചു നാളുകളായി കുട്ടിക്കാനത്തെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തു വരിയായിരുന്നു. ശ്വാസതടസമുണ്ടാവുകയും ന്യുമോണിയ ബാധിക്കുകയും വാൽവിന് തകരാർ സംഭവിക്കുകയുമായിരുന്നു.
ഇതിനിടെ രണ്ടാമത്തെ വൃക്കയും പ്രവർത്തനരഹിതമായി. പാലായിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ ദേവൂട്ടി മണ്ണടിശാല താന്നിക്കൽ പുരയിടത്തിൽ കുടുംബാംഗം. മക്കൾ: ആദിനാഥ്, നിള, വൈദവ്.