മുളക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ടുകോടി
1599418
Monday, October 13, 2025 7:21 AM IST
പെരുവ: മുളക്കുളം പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്താന്‍ ദേശീയ ആരോഗ്യമിഷന് രണ്ടു കോടി രൂപ അനുവദിച്ചതായും ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ അറിയിച്ചു.
നിലവില്‍ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ ആശുപത്രിക്കെട്ടിടം നിര്‍മിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രാവിലെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയാല്‍ ഉച്ചയ്ക്കു ശേഷവും ഒപി സേവനം നല്കുന്ന രീതിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.
ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ മാറ്റിയ ശേഷമായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുക. ഇതിനായി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പെരുവ-പിറവം റോഡില്‍ ബോയ്സ് ഹൈസ്കൂളിന് എതിര്‍വശത്തുള്ള വിജി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
എന്‍എച്ച്ആര്‍എം ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിലവിലെ ആശുപത്രി മാറ്റി സ്ഥലം ക്രമീകരിച്ചുകൊടുത്താല് ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, വാര്‍ഡംഗം ശില്പാ ദാസ്, ഡോ. മാമ്മന്‍ പി. ചെറിയാന്, എന്‍എച്ച് എം എന്‍ജിനിയര്‍ ബി. സൂരജ്, ഡോ.എ.എം. പ്രശാന്ത് എന്നിവരുമുണ്ടായിരുന്നു.