കാറും ബുള്ളറ്റും കൂട്ടിയിടിച്ച് വൈദികനു പരിക്ക്
1598929
Saturday, October 11, 2025 11:10 PM IST
മണിമല: കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചു വൈദികനു പരിക്ക്. ബുള്ളറ്റ് യാത്രക്കാരനായ മണിമല സെന്റ് ബേസിൽ പള്ളി വികാരി ഫാ. മാത്യു പുളിച്ചുമാക്കലിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.45ഓടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിമല പഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിൽനിന്നു തെറിച്ച് കാറിന്റെ മുൻവശത്തേക്ക് വീണ വൈദികന്റെ കാലിന് ഒടിവും കൈക്ക് പൊട്ടലും സംഭവിച്ചു.
ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് വൈദികനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽപ്പെട്ട കാർ കൊല്ലം ആയൂരിൽനിന്നുള്ളതായിരുന്നു. കാറിൽ യുവാവും ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവർക്ക് കാര്യമായ പരിക്കില്ല.