ഇൻഷ്വറൻസ് കമ്മീഷനിലെ ജിഎസ്ടി പിൻവലിക്കണം: എകെപിജിഐഎ
1599414
Monday, October 13, 2025 7:07 AM IST
കോട്ടയം: ഇൻഷ്വറൻസ് ഏജന്റുമാരുടെ കമ്മീഷനിൽനിന്ന് ജിഎസ്ടി ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷ്വറൻസ് ഏജൻസ് അസോസിയേഷൻ (എകെപിജിഐഎ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇൻഷ്വറൻസ് പോളിസിയിൽ ആളെ ചേർക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. കമ്പനികളിൽ അടുത്തകാലത്തായി കമ്മീഷൻ വെട്ടിക്കുറക്കുന്ന സ്ഥിതിയുമുണ്ട്. തുച്ഛമായ കമ്മീഷൻ തുകയിൽനിന്ന് ജിഎസ്ടി ഈടാക്കിയാൽ ലക്ഷക്കണക്കിന് ഏജന്റുമാരുടെ ജീവിതമാണു പ്രതിസന്ധിയിലാകുന്നത്.
അന്യായമായ തീരുമാനം കമ്പനികൾ ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റോയി ജോൺ, ജനറൽ സെക്രട്ടറി വിൻസന്റ് ഇഗ്നേഷ്യസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.