സമുദായ ശക്തീകരണ വര്‍ഷത്തിന് ചങ്ങനാശേരി അതിരൂപതയില്‍ തുടക്കം
1599147
Sunday, October 12, 2025 7:04 AM IST
ചങ്ങനാശേരി: സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണ വര്ഷത്തിന്ചങ്ങനാശേരി അതിരൂപതയില്‍ തുടക്കമായി. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
അല്മായര് സഭയുടെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും സഭ, സമുദായം, വിശ്വാസം എന്നിവയുടെ പ്രഘോഷകരായി സമുദായാംഗങ്ങള്‍ മാറണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. അതിരൂപതയുടെ 16-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ പൊതുയോഗത്തിലാണ് സമുദായ ശക്തീകരണ വര്‍ഷത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തന പരിപാടികളുടെ അതിരൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചത്.
മുനമ്പം വിഷയത്തിലുള്ള ഹൈക്കോടതിയുടെ വിധി സന്തോഷകരവും സ്വാഗതാര്‍ഹവുമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എങ്ങനെ ഏറ്റെടുക്കുന്നുവെന്നത് വളരെ പ്രധാനമാണ്. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, ജോയിന്റ് സെക്രട്ടറി പ്രഫ. പി.വി. ജെറോം എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജോസഫ് കൊല്ലാറ, ഡോ. കുരുവിള ജോസഫ്, ഫാ. ആന്റണി മൂലയില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. സിബിച്ചന് ജോര്‍ജ്, ജോസഫ് കെ. നെല്ലുവേലി, ജിനോദ് ഏബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ സന്നിഹിതനായിരുന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായിരുന്ന പ്രിന്‍സ് ലൂക്കോസിനെ അഡ്വ. ലിതിന് ജോസഫ് അനുസ്മരിച്ചു.