കല്ലറയിൽ കാണാനേറെയുണ്ട്; അധികൃതർ കണ്ണുതുറന്നാൽ മതി
1599157
Sunday, October 12, 2025 7:15 AM IST
കടുത്തുരുത്തി: കല്ലറയിലെ ഗ്രാമീണജീവിതത്തിനും കാഴ്ചകള്‍ക്കും അനന്തമായ ടൂറിസം സാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം. മനോഹരമായ കാഴ്ചകള്‍ക്കും യാത്രകള്‍ക്കും പറ്റിയ നാടന്‍ ഗ്രാമമാണ് കല്ലറ പഞ്ചായത്ത്. ഉൾനാടൻ ടൂറിസത്തിനു വലിയ സാധ്യതയുള്ള പ്രദേശം. എന്നാൽ, ഇതിനു യോജിച്ച പദ്ധതികൾ തയാറാക്കാനോ പ്രയോജനപ്പെടുത്താനോ അധികൃതരോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഇനിയും തയാറായിട്ടില്ല.
കല്ലറയിൽ കാണാൻ
തോടുകളും പുഴകളാലും അനുഗൃഹീതമാണ് കല്ലറ. കുമരകത്തേക്കും വേമ്പാനാട്ട് കായലിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ജലമാർഗം സഞ്ചരിക്കാന്‍ കഴിയുന്ന പ്രദേശം. ഈ യാത്രയിലും മനോഹരദൃശ്യങ്ങളുണ്ട്. പാരമ്പര്യ കലാരൂപങ്ങളായ കളരിപ്പയറ്റ്, കഥകളി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍, യോഗ സെന്ററുകള്‍, ആധുനിക നിലവാരത്തിലുള്ള മള്‍ട്ടിപ്ലക്സ് സിനിമാ തീയറ്റര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. മികച്ച ഭക്ഷണം ലഭ്യമാകുന്ന ഹോട്ടലുകളും നിരവധി.
നാടൻ വിനോദങ്ങൾ
13 വാര്‍ഡുകളുള്ള പഞ്ചായത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് ഒന്ന്, രണ്ട് വാര്‍ഡുകളില്‍പ്പെടുന്ന മുണ്ടാര്‍. സര്‍പ്പക്കാവുകള്‍, ഓല മെടച്ചില്‍, തഴപ്പാ നെയ്ത്ത്, കയര്‍ പിരിക്കല്‍, കുട്ട നിര്‍മാണം, കളിമണ്‍പാത്ര നിര്‍മാണം, കള്ളുചെത്ത്, താറാവ്, മീന്‍ കൃഷി, നെല്പാടങ്ങള്, ആമ്പല്‍ വസന്തം, നാടന്‍ മത്സ്യബന്ധനം, ആലകള്‍ തുടങ്ങി എല്ലാവിധ തൊഴിലുകളും ചെയ്യുന്നവരുടെ നാട്. സ്ത്രീകളും പുരുഷന്മാര്ക്കൊപ്പംതന്നെ ജോലി ചെയ്തു വരുമാനം കണ്ടെത്തുന്നു. ദേശാടന പക്ഷികളെയടക്കം ഇവിടെ കാണാനാകും. കല്ലറ സെന്റ് തോമസ് പള്ളി (പഴയപള്ളി), കല്ലറ ശാരദാ ക്ഷേത്രം തുടങ്ങി പേരുകേട്ട ആരാധനാലയങ്ങളും ഇവിടെയുണ്ട്.
കാര്‍ഷികരംഗം
കൃഷിയാണ് പ്രധാന ഉപജീവന മാര്‍ഗം. 4,500 ഏക്കര്‍ പാടശേഖരത്തില്‍ വിരിപ്പ്, പുഞ്ച കൃഷികള്‍ ചെയ്യുന്ന സ്ഥലം. വിവിധയിനങ്ങളില്പെട്ടതും വ്യത്യസ്തവുമായ കൃഷിരീതികളാണ് ഇവിടുള്ളത്. ഫാം ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം.
ജലടൂറിസം
ചെറുതോടുകളും പുഴകളും ജലസമൃദ്ധം. സ്വകാര്യ സംരഭകരുടെ ബോട്ടുകളും വള്ളങ്ങളുമാണ് ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ വരുന്നവര്‍ക്കായി നിലവില്‍ ആശ്രയം. കല്ലറയിലെ എഴുമാംകായലിലൂടെയും കെവി കനാലിലൂടെയും തോടുകളിലൂടെയും പ്രതിവര്‍ഷം വിദേശ ടൂറിസ്റ്റുകളടക്കം 30,000ൽ അധികം പേര് ബോട്ടിലും തോണിയിലുമായി സവാരി നടത്തുന്നുണ്ടെന്നാണ് ടൂറിസം രംഗത്തെ സംരഭകര്‍ പറയുന്നത്.
തോടുകളെല്ലാം പുല്ലും പായലും വളര്‍ന്നു നീരൊഴുക്ക് നിലച്ചു കിടക്കുന്നത് ഇതിനു ഭീഷണിയാണ്. പഞ്ചായത്തോ ഇറിഗേഷന്‍ വകുപ്പോ ഇടപെട്ട് തോടുകള്‍ ശുചീകരിക്കണം.
ചെയ്യാവുന്നത്
കല്ലറ-വെച്ചൂര്‍ റോഡിലുള്ള വഴിയോര വിശ്രമകേന്ദ്രം മാത്രമാണ് നിലവില്‍ പൊതുജനങ്ങള്‍ക്കു വന്നിരിക്കാന്‍ പറ്റിയ സ്ഥലമുള്ളത്. ടൂറിസം വകുപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുമായി ചേര്‍ന്നു പഞ്ചായത്ത് സമഗ്ര ടൂറിസം പാക്കേജ് നടപ്പാക്കിയാല്‍ വലിയ മാറ്റമുണ്ടാകും. മുണ്ടാറിലടക്കം റോഡ് മെച്ചപ്പെടുത്തണം. പ്രവാസികള്‍ കൂടുതലുള്ള പഞ്ചായത്തായതിനാല്‍ വെറുതെ കിടക്കുന്ന വീടുകള്‍ ഹോം സ്റ്റേകളാക്കാന് പഞ്ചായത്ത് ഇടപെട്ടു ശ്രമിച്ചാല്‍ ടൂറിസത്തിൽ കുതിപ്പുണ്ടാകും.