വന്യജീവി നിയന്ത്രണ ബില്‍: പ്രതീക്ഷയോടെ മലയോരകര്‍ഷകര്‍
1599214
Monday, October 13, 2025 1:18 AM IST
കോട്ടയം: വനം-വന്യജീവി നിയന്ത്രണ ബില്ല് സര്‍ക്കാര്‍ എങ്ങനെ തയാറാക്കി കേന്ദ്രത്തിന് നല്‍കും എന്നതല്ല വന്യജീവികളെ വനത്തിനുള്ളില്‍ നിറുത്താന്‍ നടപടിയുണ്ടാകുമോ എന്നതാണ് കര്‍ഷകരുടെ ചോദ്യം. വനയോരപ്രദേശങ്ങളില് ആനയും കടുവയും പുലിയും പതിവായി നാട്ടിലേക്കിറങ്ങുന്നു. ജില്ലയിലും ജില്ലാതിര്ത്തിയിലുമായി അഞ്ചുപേരാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നാട്, നഗര ഭേദമെന്യേകാട്ടുപന്നിയും കുറുനരിയും കുരങ്ങും കേഴയും മയിലും നിറഞ്ഞിരിക്കുന്നു. മരണ കാരണമാകാവുന്ന പേ വിഷബാധ ഇളക്കിവിടുന്ന കുറുനരികളെ കൊന്നൊടുക്കാനും നിയമം വേണം. പെറ്റുപെരുകിയ കാട്ടുപന്നികളെയും കൊന്നൊടുക്കി കര്‍ഷകരെ രക്ഷിക്കണം. വിളനാശമുണ്ടാക്കുന്ന കുരങ്ങിനെയും മയിലിനെയും നാടുകടത്തണം.
കര്‍ഷകര്‍ക്ക് വനഭൂമിയിൽ ഒരിഞ്ചുപോലും ആവശ്യമില്ല. എന്നാല്‍, ജില്ലയില്‍ വനം അതിരിടുന്ന പന്ത്രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാകണം. പത്തു വര്‍ഷത്തിനിടെ കാട്ടുപന്നിയും കുറുനരിയും ജനനിബിഡമായ ഗ്രാമങ്ങളില്‍ ഇത്രത്തോളം പെരുകിയ സാഹചര്യത്തില്‍ അടുത്ത പത്തുവര്‍ഷം കഴിഞ്ഞാല്‍ മനുഷ്യനു ജീവിതം പൊറുതി മുട്ടി വീടൊഴിഞ്ഞു പോകേണ്ട സ്ഥിതിയുണ്ടാകും.
ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് സര്‍ക്കാര്‍ വന്യജീവി സംരക്ഷണ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പമ്പ, അഴുത വനമേഖലകളില്‍നിന്നു നൂറിലേറെ കാട്ടാനകളാണ് ജനവാസ കേന്ദ്രങ്ങളിലെത്തി ഏറെക്കാലമായി നാശം വിതയ്ക്കുന്നത്.
കേന്ദ്ര നിയമത്തിലുള്ള ഭേദഗതി ആയതിനാല്‍ ബില്‍ ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് അയച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ എന്നിരിക്കെ ബില്‍ പാസാകുമോ എന്നതിലും വ്യക്തതയില്ല. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ കേന്ദ്ര വന്യജീവി നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.
കാട്ടുപന്നി, നരി, മാന്‍ തുടങ്ങിയവയുടെ എണ്ണം വര്‍ധിച്ചാല്‍ ജനന നിയന്ത്രണം നടപ്പാക്കല്‍, മറ്റിടങ്ങളിലേക്കു നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. ഇത്തരം ജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിലവില്‍ കേന്ദ്രത്തിനാണ് അധികാരം. ഈ അധികാരം സംസ്ഥാനത്തിനു നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ അവയെ കൊല്ലാനും മാംസം കഴിക്കാനും ആര്‍ക്കും തടസമുണ്ടാകില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിയമസഭ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോടു പലതവണ ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കിയിരുന്നില്ല.