ഇടപ്പാടിയിൽ വീണ്ടും ശുചിമുറി മാലിന്യം തള്ളി
1599184
Sunday, October 12, 2025 11:40 PM IST
പാലാ: പൊതുസ്ഥലത്ത് വീണ്ടും ശുചിമുറി മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. ഇത്തവണ ഇടപ്പാടി ആനന്ദ ഷണ്മുഖസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് മാലിന്യം തള്ളിയത്. പാലാ-ഈരാറ്റുപേട്ട റോഡിൽ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാനിയില്‍ ആറു തവണയാണ് ശുചിമുറി മാലിന്യം റോഡരികില്‍ തള്ളിയത്. അഞ്ചു ദിവസം മുമ്പ് മൂന്നാനി ഗാന്ധി പ്രതിമയ്ക്കു സമീപം മാലിന്യം തള്ളിയിരുന്നു.
മാലിന്യം തള്ളിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ഇടപ്പാടി ആനന്ദ ഷണ്മുഖസ്വാമി ക്ഷേത്രത്തിന് മുന്‍വശം റോഡരികിലെ ഓടയിലേക്ക് ശുചിമുറി മാലിന്യം തള്ളിയത്. കടുത്ത ദുര്‍ഗന്ധമുയര്‍ന്നതിനെത്തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഓടയില്‍ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പാലാ പോലീസില്‍ പരാതി നല്‍കിയെന്ന് ഇടപ്പാടി ദേവസ്വം അധികൃതര്‍ പറഞ്ഞു.
പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനി, ഇടപ്പാടി മേഖലകളില്‍ തുടര്‍ച്ചയായി ശുചിമുറി മാലിന്യം തള്ളിയിട്ടും കുറ്റക്കാരെ കണ്ടെത്താനോ നിയമനടപടി സ്വീകരിക്കാനോ ഇതേവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളത് ഏറെ പ്രതിഷേധത്തിന് കാരണമാവുകയാണ്. ടാങ്കര്‍ ലോറിയിലെത്തിച്ച മാലിന്യമാണ് ഗാന്ധി സ്ക്വയറിന് സമീപം തള്ളിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
നിയമനടപടി
സ്വീകരിക്കണം
ഇടപ്പാടി ആനന്ദ ഷണ്മുഖക്ഷേത്രത്തിന് മുന്‍വശം ഹൈവേയുടെ ഓടയില്‍ മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധരെ എത്രയുംവേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ഇടപ്പാടി ക്ഷേത്രം ദേവസ്വം ഭരണസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എന്‍. ഷാജി മുകളേല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്, വൈസ് പ്രസിഡന്റ് സതീഷ് മണി, ദേവസ്വം മാനേജര്‍ കണ്ണന് ഇടപ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.