നട കയറി മടുത്ത നാട് ഇതാ വികസനത്തിന്റെ ഗിയറിട്ടു
1598930
Saturday, October 11, 2025 11:10 PM IST
മുണ്ടക്കയം: പതിറ്റാണ്ടുകളായുള്ള പാറയമ്പലം നിവാസികളുടെ കാത്തിരിപ്പിനു വിരാമം. ഇവിടേക്കുള്ള യാത്രാദുരിതത്തിനു പരിഹാരമാകുന്നു. മുണ്ടക്കയം ടൗണിനോട് ഏറ്റവുമടുത്തു കിടക്കുന്ന പ്രദേശമായ പാറയമ്പലം പാറമുകളിലുള്ള ഈ സ്ഥലത്ത് എത്തിപ്പെടാൻ വഴിസൗകര്യം തീർത്തും പരിമിതമായിരുന്നു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പാറയമ്പലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു പ്രദേശത്തേക്ക് ഒരു റോഡ്.
തലച്ചുമടിന്റെ ജീവിതം
മൂന്നും നാലും സെന്റ് സ്ഥലത്ത് സാധാരണക്കാരായ ആളുകൾ താമസിക്കുന്ന മേഖലയിലേക്കു വാഹനമോടുന്ന റോഡ് ഇല്ലാതിരുന്നതു വലിയ ദുരിതമാണ് സമ്മാനിച്ചിരുന്നത്. സഞ്ചരിക്കാൻ കൽനടകൾ മാത്രമുള്ള ഈ മേഖലയിൽ രോഗികളടക്കമുള്ളവരെ പ്രദേശവാസികൾ ചുമന്നാണ് റോഡിലെത്തിച്ചിരുന്നത്. വീട് അടക്കമുള്ള നിർമാണത്തിന് സാധനസാമഗ്രികൾ എത്തിച്ചിരുന്നതും തലച്ചുമടായിത്തന്നെ.
കിടപ്പുമുറിവരെ പൊളിച്ചു
നാലു വർഷങ്ങൾക്കു മുമ്പാണ് വാർഡ് മെംബർ സി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ മേഖലയിലേക്കു റോഡ് നിർമിക്കാനുള്ള പ്രവർത്തനം ആരംഭിച്ചത്. മുണ്ടക്കയം പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എംഎൽഎ ഫണ്ട്, എംജിഎൻആർഎഫ്ജി ഫണ്ട് എന്നിവ ഉൾപ്പെടെ 81.4 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. മൂന്നു സെന്റ് ഭൂമിയുള്ളവർ പോലും റോഡിനായി തങ്ങളുടെ ശുചിമുറികളും കിടപ്പുമുറികളും അടുക്കളയും വരെ പൊളിച്ചുമാറ്റി നൽകാൻ തയാറായി. പാറയിലമ്പലം ക്ഷേത്രം ഭാരവാഹികളും റോഡ് നിർമാണത്തിനു സഹായം ചെയ്തു. അങ്ങനെയാണ് പാറമുകളിലേക്ക് വാഹനമെത്താൻ വഴിയൊരുങ്ങിയത്.
റോഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബർ പി.ആർ. അനുപമ, മെംബർ സി.വി. അനിൽ കുമാർ തുടങ്ങി നിരവധിപേർ പ്രസംഗിക്കും.