പോലീസിന്റെ അവസരോചിത ഇടപെടൽ; യുവാവിന് ജീവൻ തിരിച്ചുകിട്ടി
1598928
Saturday, October 11, 2025 11:10 PM IST
മുണ്ടക്കയം: പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ യുവാവിന് ജീവൻ തിരിച്ചുകിട്ടി.
ഇന്നലെ രാവിലെ 6.30ഓടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ നെടുംതോട്ടിൽ യുവാവ് കിടക്കുന്നത് കണ്ടതായി നാട്ടുകാരാണ് പെരുവന്താനം പോലീസിൽ വിവരമറിയിക്കുന്നത്.
സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്, ജോമോൻ എന്നിവർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ പോലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനിറങ്ങി. അടുത്തെത്തിയപ്പോൾ യുവാവിന് ജീവനുണ്ടെന്ന് മനസിലായതോടെ വളരെ വേഗത്തിൽ ഇയാളെ തോട്ടിൽനിന്ന് കരയ്ക്കു കയറ്റി. പിന്നീട് സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
രണ്ടാഴ്ചയായി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മരുന്ന് കഴിച്ചിരുന്ന പുത്തൻചന്ത സ്വദേശിയായ യുവാവ് എങ്ങനെ മുപ്പത്തഞ്ചാംമൈലിനു സമീപത്തെ നെടുംതോട്ടിലെത്തിയെന്നതിൽ വ്യക്തതയില്ല. തുടർചികിത്സയ്ക്കായി ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.