ഐങ്കൊമ്പില്‍ ആന ഇടഞ്ഞു
1598975
Sunday, October 12, 2025 12:39 AM IST
പാലാ: ഐങ്കൊമ്പില്‍ ആന ഇടഞ്ഞ് മണിക്കൂറുകളോളം നാ ട്ടിൽ ഭീകരാന്തരീക്ഷം സൃ ഷ്ടി ച്ചു. വഴിയരികിലെ ഒരു കട തകര്‍ക്കുകയും വീടിന്റെ പോര്‍ച്ചില്‍ കിടന്ന രണ്ടു കാറുകള്‍ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.
ഐങ്കൊമ്പില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ടെയാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്. പിന്നീട് സമീപത്തെ പുരയിടത്തില്‍ കയറിയ ആനയെ പാപ്പാന്മാര് തളച്ചു. ഫ്രണ്ട്സ് ഫര്‍ണിച്ചര്‍ മാര്‍ട്ടിന്റെ ഗ്ലാസ് തകര്‍ത്തു. കരിമരുതുംചാലില്‍ റെജിയുടെ പോര്‍ച്ചില്‍ കിടന്ന രണ്ടു കാറുകള്‍ക്ക് നേരേ ആനയുടെ ആക്രമണമുണ്ടാവുകയും കാറിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ആന വരുന്നതു കണ്ട് വീടിന്റെ മുന്‍വശത്തു നില്‍ക്കുകയായിരുന്ന കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വീടിനുള്ളിലേക്ക് ഓടിക്കയറി ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. കുന്നുപുറത്ത് തങ്കച്ചന്റെ കോഴിക്കൂടും നിരവധിപ്പേരുടെ കൃഷിയും നശിപ്പിച്ചു.
കൊല്ലപ്പള്ളിക്ക് സമീപം അഞ്ചാം മൈലില്‍ വേണാട്ടുമറ്റംകാരുടെ ഗോപാലന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞതും നാടാകെ പരിഭ്രാന്തി പരത്തിയതും. കുളിപ്പിക്കാന്‍ വേണ്ടി അഴിച്ച ആന ഇടയുകയായിരുന്നുവെന്ന് ഉടമ പറയുന്നു. പാലാ-തൊടുപുഴ ഹൈവേയിലൂടെ വേഗത്തില്‍ നടക്കുകയും ഓടുകയും ചെയ്ത ആന എതിരേ വന്ന ചില വാഹനങ്ങള്‍ ആക്രമിക്കുന്നതിനും ശ്രമിച്ചു.
ഭാഗ്യം കൊണ്ടാണ് ചില വാഹന യാത്രക്കാര്‍ രക്ഷപ്പെട്ടത്. നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതിനാല്‍ അത്യാഹിതം ഒഴിവായി. ഒരു കിലോമീറ്ററോളം ദൂരം ആന റോഡിലൂടെ ഇടഞ്ഞുനടന്നു. വിവരമറിഞ്ഞ് രാമപുരം പോലീസും സ്ഥലത്തെത്തിയിരുന്നു. മെയിന്‍ റോഡില്‍നിന്നു പുരയിടങ്ങളിലൂടെ സഞ്ചരിച്ച ആനയെ പാപ്പാന്മാര് ശ്രമപ്പെട്ട് തളയ്ക്കുകയായിരുന്നു.