ഇടക്കുന്നം പട്ടികവർഗ ഉന്നതിയുടെ വികസനത്തിന് ഒരു കോടി
1598924
Saturday, October 11, 2025 11:10 PM IST
കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഇടക്കുന്നം സിഎസ്ഐ പട്ടികവർഗ ഉന്നതിയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന പട്ടികവർഗ വികസന വകുപ്പിൽനിന്ന് അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പ്രദേശത്തെ റോഡുകളുടെ പുനരുദ്ധാരണം, സംരക്ഷണഭിത്തികളുടെ നിർമാണം, സാംസ്കാരിക നിലയം അറ്റകുറ്റപ്പണികൾ, ഭവന പുനരുദ്ധാരണ പ്രവൃത്തികൾ, ഉപജീവനോപാധികളുടെ വിതരണം, സ്വയംതൊഴിൽ പരിശീലനം തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളാണ് പ്രദേശത്തെ 90ഓളം പട്ടികവർഗ കുടുംബങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ച് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഗുണഭോക്തൃ സമിതി രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി രൂപരേഖ തയാറാക്കുന്നതിനും 15ന് ഉച്ചകഴിഞ്ഞ് 2.30ന് ഇടക്കുന്നം സിഎസ്ഐ സാംസ്കാരിക നിലയത്തിൽ ഊരുകൂട്ടയോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാറിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും.
ഐടിഡിപി പ്രോജക്ട് ഓഫീസർ എസ്. സജു, ജില്ലാ പഞ്ചായത്ത് മെംബർ പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.ജെ. മോഹനൻ, വാർഡ് മെംബർ ജോസിന അന്ന ജോസ്, ഊരുമൂപ്പൻ ബേബി പൗലോസ് വാക്കയിൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.വി. ജയേഷ്, പഞ്ചായത്ത് മെംബർമാരായ ഡയസ് കോക്കാട്ട്, ഷേർലി വർഗീസ്, സിയാദ് കട്ടുപ്പാറ, കെ.യു. അലിയാർ, ജോണിക്കുട്ടി മഠത്തിനകം, സുമിന അലിയാർ തുടങ്ങിയവർ പങ്കെടുക്കും.