മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഓട്ടിസം തെറാപ്പി സെന്ററും പാര്‍ക്കും ഇന്നു തുറക്കും
1599422
Monday, October 13, 2025 7:21 AM IST
ചങ്ങനാശേരി: 18 വയസ് വരെയുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഓട്ടിസം ബാധിച്ചവര്‍ക്കുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2024-25 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന സൗജന്യ ഭിന്നശേഷി തെറാപ്പി സെന്ററിന്റെയും ഓട്ടിസം പാര്‍ക്കിന്റെയും ഉദ്ഘാടനം ഇന്ന് രണ്ടിന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അനുഗ്രഹ പ്രഭാഷണം നടത്തും.
ബ്ലോക്ക് പ്രസിഡന്റ് എന്‍. രാജു, വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യന്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി. മോഹനന്,
മണിയമ്മ രാജപ്പന്, മോളി ജോസഫ്, ഗീതാ രാധാകൃഷ്ണന്, മിനി വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൈസാമ്മ ആന്റണി, സബിതാ ചെറിയാന്, ടി. രഞ്ജിത്ത്, അലക്സാണ്ടര്‍ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ബിന്ദു ജോസഫ്, സൈന തോമസ്, ബീനാ കുന്നത്ത്, ടീനാ മോള് റോബി, വാര്‍ഡ് മെംബര്‍ വി.വി. വിനയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
രാവിലെ 10ന് ഭിന്നശേഷി കലാമേള ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഗാനമേളയും സമ്മാനദാനവും നടക്കും.
ഓട്ടിസം തെറാപ്പി സെന്റര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന സംരംഭം
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ-ശിശു വകുപ്പിന്റെ കീഴില്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലാണ് അത്യാധുനിക രീതിയിലുള്ള ഭിന്നശേഷി ഓട്ടിസം തെറാപ്പി സെന്റര്‍ ആരംഭിക്കുന്നത്. പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളെയും സഹായികളെയും നിയമിച്ചിട്ടുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. സെന്ററിന്റെ നിര്‍വഹണ ചുമതല ബ്ലോക്ക് സിഡിപിഒയ്ക്കാണ്.
സ്കൂട്ടര്‍ ബോര്‍ഡ്, സിപി വാക്കര്‍ ആന്‍ഡ് ഗേറ്റ് ട്രെയിനര്‍, വാക്കിംഗ് ആര്‍ച്ച്, ബോഡി സോക്ക്, കാറ്റർപില്ലര്‍ ടണല്‍, ആല്‍ഫബറ്റ് സിടി, ഐ-ഹാന്‍ഡ് കോര്‍-ഓഡിനേഷന്‍ കിറ്റ്, വുഡൻ എസെല്‍ ബോര്‍ഡ്, ബാരല്‍ റോള്‍, നോബ്ഡ് സിലിണ്ടര്‍ സെറ്റ്, വുഡന്‍ ബീന്‍ ടേബിള്‍ ആന്‍ഡ് റൗണ്ട് ടേബിള്‍ വിത്ത് അഡ്ജസ്റ്റബിള് സ്റ്റീല്‍ ലെഗ്സ്, ഫോം ബ്ലോക്ക് സെറ്റ്, എഡിഎല്‍ ബോര്‍ഡ്, സിപി ചെയര്‍, സുപിനാറ്റര് ആന്‍ഡ് പ്രോണേറ്റര്,
മള്‍ട്ടി റോക്കര്‍ സെറ്റ്, ബൈലാറ്ററല്‍ ലാഡര്‍ മാഗ്നറ്റിക് പെഗ് ബോര്‍ഡ്, ടോം പോളിന് ബിഗ്, ഹാന്‍ഡ് ഫംഗ്ഷന് കമ്പയിന്‍ഡ് ട്രെയിനര്‍, വിഷ്വല്‍ ട്രക്കര്‍, ബാലന്‍സിംഗ് ബീം ആന്‍ഡ് ബോര്‍ഡ്, ഫുട്ട് പ്ലേസ്മെന്റ് ലാഡര്‍, സോര്‍ട്ടിംഗ് ബോര്‍ഡ്, ടില്‍റ്റ് ടേബിള്‍, ക്വാര്‍ട്ടര്‍ സെപ്സ് ടേബിള്‍, സ്റ്റാറ്റിക് സൈക്കിള്‍, ഫണ്ണി മിറര്‍, സെന്‍സറി ബോള്‍, സ്പീച്ച് മിറര്‍, ഡിജിറ്റല്‍ തെറാപ്പി എക്കോ സിസ്റ്റം അടക്കമുള്ള ലോകോത്തര നിലവാരമുള്ള ആധുനിക ഉപകരണങ്ങളാണ് തെറാപ്പി ഓട്ടിസം പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ളത്.