ഭരണങ്ങാനത്തെ ഗവണ്മെന്റ് സ്കൂളുകള്‍ ഇനി സൗരോര്‍ജ പ്രഭയില്‍
1598920
Saturday, October 11, 2025 11:10 PM IST
ഭരണങ്ങാനം: പഞ്ചായത്തിലെ മൂന്ന് ഗവണ്മെന്റ് സ്കൂളുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചു.
ഇടപ്പാടി അരീപ്പാറ ഗവ. എല്‍പി സ്കൂള്‍, അളനാട് ഗവ. യുപി സ്കൂള്‍, കയ്യൂര്‍ ഗവ. എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതോടെ വൈദ്യുതി ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുന്നതിന് സാധിക്കും. മൂന്ന് കിലോവാട്ട് സംഭരണശേഷിയുള്ള സോളാര്‍ പാനലാണ് ഓരോ സ്കൂളിലും സ്ഥാപിക്കുന്നത്. 1350 യൂണിറ്റ് വൈദ്യുതി ഒരു മാസം സംഭരിക്കാന്‍ സാധിക്കും.
സംസ്ഥാന ഗവണ്മെന്റ് അംഗീകൃത ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡാണ് 25 വര്‍ഷ വാറന്റിയോടു കൂടി സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നത്.
നാളെ രാവിലെ പത്തിന് ഇടപ്പാടി അരീപ്പാറ ഗവ. എല്‍പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ സൗരോര്‍ജ പാനലിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസവകുപ്പ് അധികാരികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.