കവറേജില്ല; ബിഎസ്എൻഎൽ ബഹിഷ്കരിക്കുമെന്ന് പമ്പാവാലിക്കാർ
1598926
Saturday, October 11, 2025 11:10 PM IST
കണമല: എരുമേലിയുടെ കിഴക്കൻ മേഖലയിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾ വലയുന്നു. ടവറുകൾ ഉണ്ടെങ്കിലും കവറേജില്ലാത്തതാണ് പ്രശ്നം.
ദുർബലമായ നിലയിലാണ് ബിഎസ്എൻഎൽ ഇന്റർനെറ്റ് കിട്ടുന്നത്. ഫോൺവിളികൾ തുടർച്ചയായി തടസപ്പെടുന്നു. തൊട്ടടുത്തുള്ള ആളിനെ വിളിക്കുമ്പോൾ പരിധിക്ക് പുറത്ത് എന്ന മറുപടി. ചിലപ്പോൾ ബീപ് ശബ്ദം മാത്രം. അത്യാവശ്യത്തിനു പോലും പ്രയോജനമില്ലാത്ത നിലയിലാണ് ബിഎസ്എൻഎൽ സേവനം.
ശേഷി ഉപയോഗിക്കാത്ത നിലയിലാണ് ബിഎസ്എൻഎൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എയ്ഞ്ചൽവാലി മേഖലയിലാണ് കൂടുതൽ ദുർബല സ്ഥിതിയിൽ ബിഎസ്എൻഎൽ പ്രവർത്തിക്കുന്നത്. ചിലർ സഹികെട്ട് ബിഎസ്എൻഎൽ ഉപേക്ഷിച്ച് കവറേജുള്ള സ്വകാര്യ കമ്പനികളുടെ സിം കാർഡുകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
അധികൃതരോട് പലതവണ പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലന്നും ഇനിയും ദുർബല സ്ഥിതി തുടർന്നാൽ കൂട്ടത്തോടെ ബിഎസ്എൻഎൽ സേവനം വേണ്ടെന്ന് വയ്ക്കുമെന്നും നാട്ടുകാർ പറയുന്നു.