ജില്ലാ കായികമേള : പാലായിൽ ഇന്ന് ട്രാക്ക് ഉണരും
1599718
Tuesday, October 14, 2025 11:53 PM IST
കോട്ടയം: പുതിയ ദൂരവും ഉയരവും വേഗവും തേടി ജില്ലയിലെ കൗമാരപ്രതിഭകള്‍ ഇന്ന് പാലായിലെ ട്രാക്കിലിറങ്ങും. 23-ാമത് ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് പാലാ മുനിസിപ്പല്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. 13 സബ് ജില്ലകളില്‍നിന്നായി 3,800 കായികതാരങ്ങള്‍ 97 ഇനങ്ങളിലായി മത്സരിക്കും. ആദ്യ ദിനമായ ഇന്ന് 33 ഫൈനലുകള്‍ നടക്കും.
3,000 മീറ്റര്‍, ഹൈജംപ്, ലോംഗ്ജംപ്, 100 മീറ്റര്‍, ഹാമര്‍ ത്രോ, 400 മീറ്റര്‍ റിലേ മത്സരങ്ങള്‍ നടക്കും. പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കില്‍ താരങ്ങളുടെ പ്രകടനം എത്രത്തോളം ഉയരുമെന്ന് ആശങ്കയുമുണ്ട്. മത്സരത്തിനു മുമ്പ് സിന്തറ്റിക് ട്രാക്കിന്റെ നവീകരണം പൂര്‍ത്തിയാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പ്രതികൂല കാലാവസ്ഥയില്‍ പണികള്‍ ആരംഭിക്കാന്‍ പോലും സാധിച്ചിട്ടില്ല. രാവിലെ മാര്‍ച്ച് പാസ്റ്റോടുകൂടി മത്സരങ്ങള്‍ ആരംഭിക്കും. ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഹണി ജെ. അലക്സാണ്ടര്‍ പതാക ഉയര്‍ത്തും. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ വര്‍ഷം പൂഞ്ഞാര്‍ എസ്എംവി സ്കൂളിന്റെ പോയിന്റില്‍ ഈരാറ്റുപേട്ട ഉപജില്ലയ്ക്കായിരുന്നു ചാമ്പ്യന്‍ഷിപ്പ്. ഇത്തവണ ഈരാറ്റുപേട്ട ഉപജില്ലയ്ക്ക് ശക്തമായ വെല്ലുവിളിയുമായി പാലാ ഉപജില്ല രംഗത്തുണ്ട്. പാലാ സെന്റ് തോമസ്, സെന്റ് മേരീസ്, ഭരണങ്ങാനം സ്കൂളുകളുടെ പിന്‍ബലത്തിലാണ് പാലായുടെ വെല്ലുവിളി, കുറുമ്പനാടം സെന്റ് പീറ്റേഴ്സ്, കോരുത്തോട് സികെഎം സ്കൂളുകളും ശക്തമായ മത്സരം കാഴ്ചവയ്ക്കാനായിട്ടാണ് എത്തുന്നത്. 17നു വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് വിജയികള്‍ക്ക് സമ്മാനം നല്‍കും.
ഇത്തവണ
കായികതാരങ്ങള്‍ക്കും
ഭക്ഷണം നല്‍കും
പാലാ: ജില്ലാ സ്കൂള്‍ കായികമേളയില്‍ മത്സരിക്കുന്ന കുട്ടികള്‍ക്ക് ഇത്തവണ ഉച്ചഭക്ഷണം നല്‍കും.
ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത്.
അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് ഭക്ഷണത്തിന്റെ ചെലവ് വഹിക്കുന്നത്. ജില്ലയില്‍ ആദ്യമാണ് ജില്ലാ സ്കൂള്‍ കായികമേളയില്‍ കായികതാരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സാധാരണ ഒഫീഷല്സിന് മാത്രമാണ് മേളയില്‍ ഭക്ഷണം നല്കിവന്നിരുന്നത്.