മാടപ്പള്ളിയിൽ കാട്ടുപന്നികള്‍ കൃഷികള്‍ തൂത്തെറിയുന്നു; ഷൂട്ടറെ നിയോഗിക്കാതെ പഞ്ചായത്ത്
1599568
Tuesday, October 14, 2025 3:09 AM IST
ബെന്നി ചിറയില്‍
മാടപ്പള്ളി: കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നു. മാടപ്പള്ളി പഞ്ചായത്തിലെ മുണ്ടുകുഴി, മാന്നില, പാലമറ്റം, മുതലപ്ര ഭാഗങ്ങളിലെ കൃഷികള്‍ തൂത്തെറിയുന്നു. വാഴ, കപ്പ തുടങ്ങിയ കൃഷികളാണ് പന്നികള്‍ പിഴുതെറിയുന്നത്. കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങളിലാണ് പന്നികള്‍ എത്തുന്നത്.
മാടപ്പള്ളി പഞ്ചായത്ത് 12-ാംവാര്‍ഡിലെ മുണ്ടുകുഴി ഭാഗത്ത് കഴിഞ്ഞദിവസങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി ഇഞ്ചിക്കാലായില് മാത്യു ജോര്‍ജ്-പുഷ്പമ്മ എന്നിവരുടെ 18 സെന്റ് കൃഷിയിടത്തിലെ വാഴയും കപ്പയും കുത്തിപ്പറിച്ച് നിലംപരിശാക്കി. സമീപസ്ഥലങ്ങളിലെ കര്‍ഷകരുടെ കൃഷിയിടങ്ങളും പന്നികള്‍ നിലം പരിശാക്കുകയാണ്. ഇതോടെ കര്‍ഷകര്‍ വലിയ സാമ്പത്തിക നഷ്ടത്തിലും മനോവിഷമത്തിലുമാണ്.
മാന്നില, ചൂരനോലി ഭാഗത്ത് കാടുപിടിച്ചുകിടന്ന പ്രദേശത്ത് ഒരു വര്‍ഷം മുമ്പ് കാട്ടുപന്നികളെത്തി കൃഷികള്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് കാട് വെട്ടിത്തെളിച്ചു. ഇതോടെ പന്നികളുടെ ശല്യം ഒഴിവായി. കാട്ടുപന്നികളെ തുരത്തി സ്വസ്ഥമായി കൃഷി ചെയ്യാന്‍ പഞ്ചായത്ത് അവസരമൊരുക്കണമെന്നാണ് മാടപ്പള്ളിയിലെ കര്‍ഷകരുടെ ആവശ്യം. കാട്ടുപന്നി ശല്യത്തിനെതിരേ നാളെ രാവിലെ മാടപ്പള്ളി പഞ്ചായത്ത് പടിക്കല്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചിട്ടുണ്ട്.
പന്നികളുടെ രൂക്ഷശല്യം തുടങ്ങിയിട്ട് രണ്ടു വര്‍ഷം
മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് കാട്ടുപന്നി ശല്യം തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തോളമായി. പന്നിശല്യം ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണു വരുത്തിയത്. സ്വന്തമായുള്ള 32 സെന്റിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ മുപ്പതോളം വര്‍ഷമായി കൃഷിയിലൂടെയാണ് കുടുംബത്തിന്റെ ഉപജീവനം. ഈ അവസ്ഥയാണെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടിവരും. വിഷയം കൃഷിവകുപ്പിലും പഞ്ചായത്തിലും അറിയിച്ചിട്ടുണ്ട്.
പുഷ്പമ്മ മാത്യു ഇഞ്ചിക്കാലായില്(കാട്ടുപന്നി കൃഷി നശിപ്പിച്ച സ്ഥലം ഉടമ)
കൃഷി നിര്‍ത്തിവച്ചു
മുണ്ടുകുഴി ഭാഗത്ത് കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷത്തിലേറെയായി വാഴ, കപ്പ, പയര്‍ കൃഷി ചെയ്തുവരുന്നു. കൃഷിമാത്രം ഉപജീവനം. കാട്ടുപന്നികള്‍ വിളകള്‍ തകര്‍ത്തതോടെ ഒന്നരവര്‍ഷമായി കൃഷികള്‍ വേണ്ടെന്നു വച്ചു. നാട്ടിലെ മറ്റു പല കര്‍ഷകരും കൃഷി ഉപേക്ഷിച്ചിട്ടുണ്ട്.
എ.പി. ബാബു കിളിച്ചുമല (മുണ്ടുകുഴി)
കര്‍ഷകരുടെ പരാതി ഭരണസമിതി പരിഗണിക്കുന്നില്ല
കാട്ടുപന്നിശല്യം സംബന്ധിച്ച് പഞ്ചായത്തംഗങ്ങളും കര്‍ഷകരും ഉന്നയിക്കുന്ന പരാതികള്‍ പഞ്ചായത്ത് ഭരണസമിതി പരിഗണിക്കുന്നില്ല. അംഗീകൃത ഷൂട്ടറെ കിട്ടാനില്ലെന്നാണ് ഭരണസമിതിയുടെ വാദം. കാട്ടുപന്നികളെ തുരത്താന്‍ ഭരണസമിതി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനകീയസമരം സംഘടിപ്പിക്കും.
ജിന്സണ് മാത്യു കോണ്‍ഗ്രസ് പഞ്ചായത്തംഗം മാടപ്പള്ളി പഞ്ചായത്ത്
ഗ്രാമപഞ്ചായത്തിനോട് സഹകരിക്കാന്‍ തയാര്‍
1996 മുതല്‍ ലൈസന്‍സോടെ തോക്ക് ഉപയോഗിക്കുന്ന ആളാണ്. കാട്ടുപന്നിശല്യം കര്‍ഷകര്‍ക്കു ദുരിതമായ സാഹചര്യത്തില്‍ പന്നിയെ തുരത്താന്‍ അടിയന്തര സാഹചര്യങ്ങളില്‍ പഞ്ചായത്തിനോടു സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണ്. മാടപ്പള്ളി പഞ്ചായത്ത് ഓഫീസിനു സമീപം കുര്യച്ചന്പടിയിലാണ് വീട്.
ബിലു പി.ആര്.പുത്തന്‍പീടികയില്‍
തോക്ക് ലൈസന്‍സി വിഷയം ഗൗരവമായി പഞ്ചായത്ത് കമ്മിറ്റിയില്‍ ഉന്നയിക്കും
കാട്ടുപന്നി ശല്യം വ്യാപകമായ മാടപ്പള്ളി 12-ാം വാര്‍ഡിലെ ജനപ്രതിനിധിയാണ്. വിഷയം പഞ്ചായത്ത് കമ്മിറ്റിയില്‍ ഗൗരവപൂര്‍വം ഉന്നയിച്ച് ജനങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണും.
ബാബു പാറയില്‍ മാടപ്പള്ളി പഞ്ചായത്ത്
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിഷയം ഉന്നയിച്ച് നാളെമുതല്‍ സമരം
കാട്ടുപന്നി ശല്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പത്തിന് മാടപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും. നടപടി സ്വീകരിക്കാത്ത പക്ഷം കര്‍ഷകരെ ഉള്‍പ്പെടുത്തി വിപുലമായ സമരം പ്രഖ്യാപിക്കും.
ബാബു കുട്ടന്‍ചിറ ചെയര്മാന്, മാടപ്പള്ളി വികസനസമിതി
ലൈസന്‍സുള്ള ഷൂട്ടര്‍ വന്നാല്‍ പന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കും
ലൈസന്‍സുള്ള ഷൂട്ടര്‍ വന്നാല്‍ പന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കും. പന്നിയെ വെടിവച്ച് കൊന്നശേഷം സര്‍ക്കാർ മാനദണ്ഡമനുസരിച്ച് മറവു ചെയ്യണം. പന്നിയെ കൊന്ന് മറവു ചെയ്തെന്ന വാര്‍ഡ് മെംബറുടെ സാക്ഷ്യപത്രവും ചെലവ് തുകയ്ക്കുള്ള വൗച്ചറും പഞ്ചായത്ത് ഓഫീസില്‍ നല്കിയാല് തുക ലഭിക്കും.
മണിയമ്മ രാജപ്പന്മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്