മണർകാട് ബൈപാസിൽ കാറുകളുടെ കൂട്ടയിടി
1599583
Tuesday, October 14, 2025 3:10 AM IST
ഏറ്റുമാനൂര്‍: പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാത്രി കോണിക്കല്‍ ജംഗ്ഷനു സമീപമായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോണിക്കല്‍ ജംഗ്ഷനുസമീപം ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന കുന്നത്തുപറമ്പില്‍ ആകാശ് പ്രദീപിന്റെ ഹ്യുണ്ടായ് കാറിന്റെ പിന്നിൽ പേരൂര്‍ ഭാഗത്തുനിന്നെത്തിയ അക്ഷരം വീട്ടില്‍ അഖില്‍ ജയകുമാറിന്റെ സ്കോഡ റാപ്പിഡ് കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ എതിര്‍ദിശയിലേക്കു തെന്നിമാറിയ അഖിലിന്റെ കാറിനു പിന്നില്‍ ഏറ്റുമാനൂരിൽനിന്ന് കണ്ടംചിറയിലേക്കു പോകുകയായിരുന്ന വെള്ളാപ്പള്ളി മറ്റത്തില്‍ ജേക്കബ് മാത്യുവിന്റെ കാറും ഇടിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ബൈപാസ് റോഡില്‍ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. ശരിയായ ദിശാ ബോര്‍ഡുകളുടെ അഭാവവും ആവശ്യത്തിനു തെരുവുവിളക്കുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.