മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷി-ഓട്ടിസം തെറാപ്പി സെന്റര്‍ തുറന്നു
1599564
Tuesday, October 14, 2025 3:09 AM IST
ചങ്ങനാശേരി: 18 വയസുവരെയുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഓട്ടിസം ബാധിച്ചവര്‍ക്കുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരംംഭിച്ച സൗജന്യ ഭിന്നശേഷി തെറാപ്പി സെന്ററും ഓട്ടിസം പാര്‍ക്കും തുറന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അനുഗ്രഹ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, സുധാ കുര്യന്, പഞ്ചായത്ത് പ്രസിഡന്റുമാരായ മോളി ജോസഫ്, ഗീതാ രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൈസാമ്മ ആന്റണി, സബിതാ ചെറിയാന്, ടി. രഞ്ജിത്, അലക്സാണ്ടര്‍ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ബിന്ദു ജോസഫ്, സൈന തോമസ്, ബീനാ കുന്നത്ത്, ടീനാമോള്‍ റോബി, ബ്ലോക്ക് സെക്രട്ടറി കെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. സമ്മാനദാനത്തിനും സമാപന സമ്മേളനത്തിനും ശേഷം ഭിന്നശേഷി കലാകാരന്മാര് അവതരിപ്പിച്ച ഗാനമേളയും നടന്നു.
സൗജന്യ ഓട്ടിസം തെറാപ്പി സെന്റര്‍ ജില്ലയില്‍ ആദ്യം
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യത്തേതും സംസ്ഥാനത്ത് രണ്ടാമത്തേതുമാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ-ശിശു വകുപ്പിന്റെ കീഴില്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ അത്യാധുനിക രീതിയില്‍ ആരംഭിച്ച ഭിന്നശേഷി ഓട്ടിസം തെറാപ്പി സെന്റര്‍. ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
അഞ്ചു പഞ്ചായത്തുകളിലെ ഭിന്നശേഷി ഓട്ടിസം ബാധിച്ചവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന് ആറു മുറികളിലായി തെറാപ്പി സെന്ററും ഓട്ടിസം പാര്‍ക്കും ആരംഭിച്ചത്. പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളെയും സഹായികളെയും ഇവിടെ നിയമിച്ചിട്ടുണ്ട്.