വെള്ളം കെട്ടിയും കാടുകയറിയും പൊട്ടിപ്പൊളിഞ്ഞും നശിക്കുന്ന മൈതാനങ്ങളുടെ ദുരവസ്ഥ
1599439
Monday, October 13, 2025 11:40 PM IST
കായികമേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് നഗരമധ്യത്തില്‍ കോടികള്‍ വിലവരുന്ന സ്ഥലം മൈതാനങ്ങളും സ്റ്റേഡിയങ്ങളുമായി പണിയുന്നത്. കായികലോകത്തിന് ഒട്ടേറെ രാജ്യാന്തര താരങ്ങളെ സമ്മാനിച്ച കോട്ടയം ജില്ലയിലെ ഒരു മൈതാനവും സ്റ്റേഡിയവും വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല. വെള്ളം കെട്ടിയും കാടുകയറിയും പൊട്ടിപ്പൊളിഞ്ഞും നശിക്കുന്ന മൈതാനങ്ങളുടെ ദുരവസ്ഥ ഇങ്ങനെ:
ഇന്‍ഡോര്‍
സ്റ്റേഡിയത്തിനും
അവഗണന
മികച്ച നിലവാരത്തില്‍ പണിത നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം ചോര്‍ന്നൊലിക്കുകയാണ്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് സ്റ്റേഡിയം. മത്സരങ്ങള്‍ക്കിടെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. വീണാലും പരിക്കേല്‍ക്കാത്ത വിധം മേപ്പിള്‍ തടി ഉപയോഗിച്ച് നിര്‍മിച്ച തറ നശിക്കാതിരിക്കാന്‍ നിലവില്‍ ടാര്‍പായ വിരിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ താഴത്തെ നില നിലവില്‍ വാണിജ്യ കേന്ദ്രമായിരിക്കുന്നു.
കളിക്കളമില്ലാതെ അതിരമ്പുഴ
അതിരമ്പുഴ പഞ്ചായത്തിനു കളിക്കളമില്ല. അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂള്‍ ഗ്രൗണ്ടിനെ (പള്ളി മൈതാനം) ആശ്രയിച്ചാണ് കളികളും പ്രഭാത നടത്തവും കായികപരിശീലനവും. സ്കൂള്‍ സമയവും പള്ളിയിലെ ആരാധനാ സമയവുമൊഴിവാക്കി ലഭിക്കുന്ന സമയം മാത്രമാണ് ലഭിക്കാറുള്ളത്. അതിരമ്പുഴ പഞ്ചായത്തിനു സ്വന്തമായി സ്റ്റേഡിയം വേണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്.
കാഞ്ഞിരപ്പള്ളി വോളി സ്റ്റേഡിയം കാടായി
ഏഷ്യാഡ് താരങ്ങള്‍ ഉള്‍പ്പെടെ വോളിബോളിന്റെ ഈറ്റില്ലമായിരുന്നു കാഞ്ഞിരപ്പള്ളി. പേരെടുത്ത അന്‍പതോളം വോളി താരങ്ങളുടെ നാട്. വോളിബോളിന്റെ ഭാവി ലക്ഷ്യമാക്കി പേട്ട സ്കൂള്‍ പരിസരത്ത് നിര്‍മിച്ച വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നിട്ട് 11 വര്‍ഷമായി. കാടുകയറിയ പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി.
ആന്റോ ആന്റണി എംപിയുടെ ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് പണിത സ്റ്റേഡിയം 2014 ഫെബ്രുവരി 28 നാണ് നാടിന് സമര്‍പ്പിച്ചത്. 30 അടി ഉയരത്തിലും 28 മീറ്റര്‍ നീളത്തിലും 16 മീറ്റര്‍ വീതിയിലും പണിത സ്റ്റേഡിയം നാലു മാസം പിന്നിട്ടപ്പോള്‍ത്തന്നെ തകര്‍ന്നു.
തൂണുകളുടെ നിര്‍മാണത്തിലെ അപാകതയായിരുന്നു കാരണം. പുതിയ വോളി കോര്‍ട്ട് കായികപ്രേമികളുടെ ആഗ്രഹമാണ്. മുന്‍ താരങ്ങുടെ നേതൃത്വത്തില്‍ വോളി ഫ്രണ്ട്സ് അസോസിയേഷന് രൂപീകരിച്ചിട്ടുണ്ടെങ്കിലും പരിശീലനം നല്കാന് സൗകര്യമില്ല.