മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ബസ് സര്‍വീസ്
1599438
Monday, October 13, 2025 11:40 PM IST
പാലാ: മൂലമറ്റത്തുനിന്ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. ദിവസവും രാവിലെ 8.20ന് മൂലമറ്റത്തുനിന്നു മുട്ടം, നീലൂര്‍, കൊല്ലപ്പള്ളി, പാലാ വഴി മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് ബസ് പുറപ്പെടും. ഒന്‍പതിന് മുട്ടത്തും 9.50ന് പാലായിലും 10.10ന് മെഡിസിറ്റിയിലും ബസ് എത്തിച്ചേരും. തിരികെ 10.40ന് മെഡിസിറ്റിയില്നിന്നു പാലാ, മുട്ടം വഴി ബസ് തൊടുപുഴയിലേക്ക് പുറപ്പെടും. നിലവില്‍ ഒരു സര്‍വീസാണ് അനുവദിച്ചിരിക്കുന്നത്.
ആദ്യ ദിനമായ ഇന്നലെ പാലായില്‍നിന്നു ബസില്‍ മാണി സി. കാപ്പന് എംഎല്‍എ യാത്രക്കാരോടൊപ്പം മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിയപ്പോള്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. യോഗത്തില്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു.
ആശുപത്രി ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, പ്രോജക്ട്സ്, ഐടി, ലീഗല്‍ ആന്‍ഡ് ലെയ്സണ്‍ ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, എടിഒ അശോക് കുമാര്‍, മാര്ട്ടിന് കോലടി, സന്തോഷ് കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.