നീതി കിട്ടാതെ പിന്നോട്ടില്ല; വയോധിക ദന്പതികളുടെ കുത്തിയിരിപ്പ് സമരം
1599434
Monday, October 13, 2025 11:40 PM IST
പാലാ: കരം അടയ്ക്കുന്ന ഭൂമി അനധികൃതമായി മറ്റു ചിലർക്ക് ഉദ്യോഗസ്ഥർ പോക്കുവരവ് ചെയ്തു നൽകിയതിനെതിരേ വയോധിക ദന്പതികൾ നടത്തിയ സമരം മൂന്നാം ഘട്ടത്തിൽ. ബധിരനും മൂകനുമായ 78കാരനാണ് നീതിക്കുവേണ്ടി ഭാര്യക്കൊപ്പം താലൂക്ക് ഓഫീസ് പടിക്കൽ സമരം നടത്തിയത്. നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയുമാണ് മൂന്നാം തവണയും പാലാ താലൂക്ക് ഓഫീസ് പടിക്കല്‍ സമരവുമായെത്തിയത്.
അളന്നു തിരിച്ചില്ല
സര്‍ക്കാര്‍ പറഞ്ഞ മുദ്രപത്ര ഫീസും രജിസ്ട്രേഷന് ഫീസും ആധാരമെഴുത്ത് ഫീസും നല്കി രാമപുരം രജിസ്ട്രാര്‍ ഓഫീസ് മുഖേന ചാക്കോയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങി കരം കെട്ടിയിരുന്ന ഭൂമി സ്ഥാപിത താത്പര്യക്കാരായ ചിലര്‍ക്കു പോക്കുവരവ് ചെയ്തു നല്‍കിയെന്നാണ് ഇവരുടെ പരാതി. ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും അനുകൂലമായ ഉത്തരവുകള്‍ ലഭിച്ചിട്ടും ഉദ്യോഗസ്ഥർ നടപ്പിലാക്കാത്തതിനെതിരേയാണ് പ്രതിഷേധം.
ഉദ്യോഗസ്ഥ നടപടിക്കെതിരേ രണ്ടു മാസം മുമ്പു താലൂക്ക് ഓഫീസില്‍ രണ്ടാംഘട്ട സമരം നടത്തിയിരുന്നു. സ്ഥലം അളന്നുതിരിച്ചു പോക്കുവരവ് ചെയ്തു നല്‍കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ചാണ് അന്നു സമരം അവസാനിപ്പിച്ചത്. ഒരാഴ്ച കഴിഞ്ഞു ചാക്കോയുടെ പേരില്‍ പോക്കുവരവ് ചെയ്തു നല്കി കുടിശിക കൂട്ടി 15,822 രൂപ കരവും വാങ്ങിച്ചു. പക്ഷേ, സ്ഥലം അളന്നുതിരിച്ചു നല്‍കിയില്ലെന്നാണ് പരാതി. ഇതിനെതിരേയാണ് ചാക്കോയും ഭാര്യ ഡെയ്സിയും പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ നേതൃത്വത്തില്‍ ഇന്നലെ പാലാ താലൂക്ക് ഓഫീസ് പടിക്കല്‍ മൂന്നാംഘട്ട സമരം നടത്തിയത്.
ഉടൻ പരിഹാരമെന്ന്
ഉദ്യോഗസ്ഥർ
വിവരമറിഞ്ഞ് മാണി സി. കാപ്പന് എംഎല്‍എ താലൂക്ക് ഓഫീസ് പടിക്കല്‍ എത്തുകയും വയോധികദമ്പതികളോടു കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു. മീനച്ചില്‍ ആര്‍ഡിഒ കെ.എം. ജോസുകുട്ടി, തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസ് എന്നിവരോടു പ്രശ്നം പരിഹരിക്കണമെന്നു നിര്‍ദേശിച്ചു. തുടര്‍ന്ന് 17ന് മുമ്പായി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി.