വൈക്കം ക്ഷേത്രത്തിലും സ്വർണം നഷ്ടപ്പെട്ടു
1599720
Tuesday, October 14, 2025 11:53 PM IST
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണത്തിൽനിന്ന് 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്.
സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണ് സ്വർണം കാണാതായ വിവരം കണ്ടെത്തിയത്.
തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം. എന്നാൽ വൈക്കം ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും പിന്നെ വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. ആ രണ്ട് പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണ് പൊതിയിൽ എഴുതിയിരുന്നത്.
ഇതിൽ 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 2020-21ലെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. അതുവരെ ഇക്കാര്യത്തിലുള്ള വിശദീകരണം ദേവസ്വം ബോർഡ് നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.