ബിഎസ്എൻഎൽ ഓഫീസിന്റെ മതിൽക്കെട്ട് ഇടിഞ്ഞുവീണു
1599704
Tuesday, October 14, 2025 11:53 PM IST
എരുമേലി: നെടുനീളത്തിൽ വിണ്ടുകീറി പിളർന്ന് ചെരിഞ്ഞ നിലയിൽ അപകടത്തിലായ എരുമേലി ബിഎസ്എൻഎൽ ഓഫീസിന്റെ മതിൽക്കെട്ടിന്റെ ഏതാനും ഭാഗം ഇടിഞ്ഞു വീണു. ബാക്കി ഭാഗം ഉടനെ ഇടിഞ്ഞു വീഴുന്ന നിലയിൽ.
എരുമേലി പഞ്ചായത്ത് ഓഫീസിനടുത്ത് റോഡരികിലാണ് എപ്പോൾ വേണമെങ്കിലും പൊളിഞ്ഞുവീഴുന്ന നിലയിൽ ഉയരത്തിലുള്ള ചുറ്റുമതിലുള്ളത്. റോഡിലേക്ക് ചെരിഞ്ഞ നിലയിലാണ് 20 അടിയോളം ഉയരമുള്ള മതിൽ. കാലപ്പഴക്കം മൂലം പല ഭാഗത്തും വിള്ളലുകൾ പ്രകടമാണ്. മതിലിനോട് ചേർന്നുള്ള തൂണ് മതിലിൽനിന്നു വേർപെട്ട നിലയിലാണ്. കനത്ത മഴ തുടരുന്ന സാഹചര്യമായതിനാൽ ഏത് സമയത്തും മതിൽ റോഡിലേക്ക് ഇടിഞ്ഞു വീഴാം.
അപകട സാഹചര്യം അറിയിച്ചിട്ടും ബിഎസ്എൻഎൽ അധികൃതർ അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. യാത്രക്കാരും വാഹനങ്ങളും നിറയുന്ന റോഡിൽ മതിൽ ഇടിഞ്ഞു വീണാൽ അപകടമുണ്ടാകുമെന്നതിനാൽ അടിയന്തര നടപടികൾ ബിഎസ്എൻഎൽ അധികൃതർ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.