ഈരാറ്റുപേട്ട ടൗണിൽ വഴിയോര കച്ചവടവും ഫുട്പാത്ത് പാർക്കിംഗും
1599715
Tuesday, October 14, 2025 11:53 PM IST
ഈരാറ്റുപേട്ട: നഗരസഭാ പരിധിയിൽ ടൗണിലെ വഴിയോര കച്ചവടവും ഫുട്പാത്ത് പാർക്കിംഗും കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ തെക്കേക്കര ചേന്നാട് കവല വരെയും സെൻട്രൽ ജംഗ്ഷനിൽ കടുവാമൂഴി വരെയും വഴിയോര കച്ചവടം തകൃതിയായി നടക്കുകയാണ്. ഉന്തുവണ്ടികളിലുള്ള കച്ചവടം ടൗണിൽ നിരോധിച്ചിട്ടെണ്ടന്നു നഗരസഭാ അധികൃതർ പറയുമ്പോഴും ദിനംപ്രതി കച്ചവടക്കാരുടെ എണ്ണം വർധിക്കുകയാണ്. അരുവിത്തുറ പള്ളി, ചേന്നാട് കവല, സെൻട്രൽ ജംഗഷനു സമീപം എന്നിവിടങ്ങളിലാണ് ഫുട്പാത്ത് കൈയേറി കച്ചവടം.
ഫുട്പാത്ത് കൈയേറി വാഹന പാർക്കിംഗ് സാധാരണ സംഭവമാണ്. സിറ്റി ടവറിനു മുന്പിലെ ഫുട്പാത്തിൽ ഒരേസമയം നാലും അഞ്ചും കാറുകളാണ് പാർക്ക് ചെയ്യുന്നത്. ഇവിടെ ഫുട്പാത്തിൽ കാർ പാർക്ക് ചെയ്യുന്നതിനാൽ കാൽനടയാത്രക്കാരും വിദ്യാർഥികളും റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. റോഡ് വീതി കൂട്ടി ആധുനിക രീതിയിൽ ടാറിംഗ് നടത്തിയതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നെ പരാതി ഉയരുകയാണ്.