മാങ്ങാപ്പാറയിലെ പാറമട ഇനി അനങ്ങാപ്പാറയല്ല!
1599708
Tuesday, October 14, 2025 11:53 PM IST
പാറത്തോട്: പ്രകൃതിദുരന്ത സാധ്യതകളേറെയുള്ള ചിറ്റടി മാങ്ങാപ്പാറയില്‍ പാറമടയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാട്ടുകാര്‍. ഇതു സംബന്ധിച്ചു നിര്‍മലാരാം വെല്‍ഫെയര്‍ അസോസിയേഷന് പഞ്ചായത്തിന് പരാതി നല്കി.
60 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശത്തു കനത്ത മഴയുണ്ടായാല്‍ പ്രകൃതിദുരന്ത സാധ്യതകളുമേറെയാണ്. മുന്‍പും ഇവിടെ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. തോടും മുണ്ടമറ്റം കുടിവെള്ള പദ്ധതിയുടെ കുടിവെള്ള സ്രോതസും ഈ പാറമടയ്ക്ക് 45 മീറ്ററോളം ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ആശങ്കയിൽ നാട്ടുകാർ
2024 ഓഗസ്റ്റ് 16ന് പാറമട പ്രവര്‍ത്തിച്ചിരുന്നതിനു മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്നാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. എന്നാല്‍, പാറമട വീണ്ടും തുടങ്ങാനുള്ള നീക്കം പുനരാരംഭിച്ചതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
പാറമടയിലെ വാഹനങ്ങള്‍ ഓടേണ്ടതു പ്രദേശത്തെ വീതി കുറഞ്ഞ റോഡിലൂടെയാണ്. പാറമടയെ സംബന്ധിക്കുന്ന പല നിയമങ്ങളും കാറ്റില്‍പറത്തിയാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രമം നടക്കുന്നതെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രകൃതി ദുരന്തസാഹചര്യം നിലനില്‍ക്കുന്ന പ്രദേശമാണിതെന്നും പാറമടയുടെ പ്രവര്‍ത്തനം പ്രകൃതി ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.
കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ പ്രതിരോധ തയാറെടുപ്പുകള്‍ക്കായി മോക്ഡ്രില്ലും നടത്തിയിരുന്നു. പാറമടയ്ക്കെതിരേ നിലവില്‍ നല്‍കിയിരിക്കുന്ന സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് അസോസിയേഷന് പ്രസിഡന്റ് ജോസി ജോസ് പറഞ്ഞു.