എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം : സർക്കാർ ഇടപെടലിൽ സന്തോഷമെന്ന് യൂഹാനോന്‍ മാര്‍ ദീയസ്കോറസ്
1599721
Tuesday, October 14, 2025 11:53 PM IST
കോട്ടയം: എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമന പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യബോധത്തോടെ ഇടപെടാന്‍ തയാറായതില്‍ സന്തോഷമുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമവിഭാഗം തലവന്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്ത.
സര്‍ക്കാരിന്റെ നിലപാട് ആയിരക്കണക്കിന് അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രതീക്ഷ പകരുന്നതാണ്. എന്‍എസ്എസ് മാനേജ്മെന്റിന് അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധിയുടെ പ്രയോജനം തങ്ങള്‍ക്കും ലഭിക്കണമെന്ന ന്യായമായ ആവശ്യമാണു ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പ്രകടിപ്പിച്ചിരുന്നത്.
പിടിവാശിയല്ല, ക്രിയാത്മകമായ ഇടപെടലാണ് ഈ വിഷയത്തില്‍ ഉണ്ടാകേണ്ടിയിരുന്നത്.
വൈകിയാണെങ്കിലും മാനേജ്മെന്റുകളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായതില്‍ നന്ദിയുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.