പള്ളിപ്പടിപാലം അപകടാവസ്ഥയിൽ; പുനർനിർമിക്കണമെന്ന ആവശ്യം ശക്തം
1599703
Tuesday, October 14, 2025 10:42 PM IST
കോരുത്തോട്: ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മുണ്ടക്കയം -കോരുത്തോട് റോഡിൽ പള്ളിപ്പടിക്ക് സമീപത്തെ പാലം അപകടാവസ്ഥയിൽ.
1971ൽ നിർമിച്ച പാലത്തിന്റെ അടിവശത്ത് കോൺക്രീറ്റിംഗ് തകർന്ന് കമ്പികൾ തെളിഞ്ഞ നിലയിലാണ്. വാഹനഗതാഗതം പരിമിതമായ കാലത്ത് നിർമിച്ച പാലത്തിന് വീതി തീർത്തും കുറവാണ്.
കൂടാതെ പള്ളിപ്പടി പാലത്തിന്റെ തൂണുകളുടെ കൽക്കെട്ടുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലുണ്ടായ അതിശക്തമായ മഴയും മണ്ണിടിച്ചിലും തോട്ടിലെ ജലനിരപ്പ് ഉയർത്തുകയും പാലത്തിന് ബലക്ഷയം സംഭവിക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.
ശബരിമല സീസൺ ആരംഭിക്കുന്നതോടെ ഇതുവഴി അന്യസംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുവരും.
അടിയന്തരമായി അധികാരികൾ ഇടപെട്ട് ഇവിടെ പുതിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.