നഗരം നിറഞ്ഞ് നായപ്പട; ഇറങ്ങാൻ പേടിച്ച് ജനം
1599714
Tuesday, October 14, 2025 11:53 PM IST
പാലാ: തെരുവുനായശല്യം അതിരൂക്ഷമായതോടെ പൊറുതിമുട്ടി ജനം.
എട്ടും പത്തും നായ്ക്കള്‍ കൂട്ടമായാണ് പാലാ നഗരത്തിലൂടെ അലഞ്ഞുതിരിയുന്നത്. സ്കൂളുകളും ആരാധനാലങ്ങളും മാത്രമല്ല വ്യാപാരസ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും ആശുപത്രികളും വരെ ഇവയുടെ വിഹാരകേന്ദ്രമായി മാറി.
പാലാ മുനസിപ്പല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന കോംപ്ലക്സിലും തെരുവുനായശല്യം കടുത്തു. ഈ കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും കയറിപ്പോകുന്ന ഗോവണിപ്പടികള്‍ വരെ തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്.
ഇവിടെയാണ് തെരുവുനായ്ക്കളുടെ പ്രധാന വിശ്രമതാവളം.
ഇടപാടുകാർ മടിക്കുന്നു
വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭാ കോംപ്ലക്സിലെ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ ഭയത്തോടെയാണ് മുകള്‍ നിലകളിലേക്കു കയറിപ്പോകുന്നത്. ഇവിടെ ആളുകളെ തെരുവുനായ്ക്കള്‍ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുവാവിനു തെരുവുനായയുടെ കടിയേറ്റു. ഈ കോംപ്ലക്സിലെ സ്ഥാപന ഉടമകള്‍ പലതവണ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ യാതൊരു നീക്കവും ഉണ്ടാകുന്നില്ല. ഇടപാടുകാർ തെരുവുനായ്ക്കളെ പേടിച്ച് ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വരാന്‍ മടിക്കുകയാണെന്നും വ്യാപാരികളും സ്ഥാപന ഉടമകളും പറയുന്നു.